കരുവാരക്കുണ്ട്: കരുവാരകുണ്ട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിനു ബസ് യാഥാർഥ്യമായി. രാഹുൽഗാന്ധിയുടെ എംപി ഫണ്ട് വിനിയോഗിച്ചാണ് ബസ് സജ്ജമാക്കിയത്. ജില്ലാ പഞ്ചായത്തംഗം വി.പി.ജസീറ ബസിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. നാലായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന കരുവാരകുണ്ട് ഹയർ സെക്കൻഡറി സ്കൂളിനു ബസുകളുണ്ടെങ്കിലും കുട്ടികൾക്ക് ആനുപാതികമായ രീതിയിലായിരുന്നില്ല.
തുടർന്നാണ് രാഹുൽഗാന്ധിയുടെ എംപി ഫണ്ടിൽ നിന്നു 20 ലക്ഷം രൂപ അനുവദിച്ച് ബസ് യാഥാർഥ്യമാക്കിയത്. സ്കൂളിലെ അധ്യാപകരും വലിയൊരു തുക ബസ് സർവീസിനായി നൽകി. കൂടാതെ പിടിഎ കമ്മിറ്റിയും സഹകരിച്ചു.വാഹനത്തിന്റെ താക്കോൽദാനം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ.ഹമീദ്ഹാജി പ്രധാനാധ്യാപിക ആർ.ഷൈലജയ്ക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡന്റ് ടി.എം.രാജു അധ്യക്ഷത വഹിച്ചു. വി.ഷബീറലി പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ.ഉമ്മർ, പ്രിൻസിപ്പൽ ഉഷാകുമാരി, എസ്എംസി ചെയർമാൻ ഐ.ടി.അഷ്റഫ്, എൻ.ഉണ്ണീൻകുട്ടി, എം.കെ.മുഹമ്മദാലി, ഹംസകുട്ടി, കെ.പി.ബാപ്പുട്ടി, വി.ഖാദർ, എം.ഫിയാസ്, ഇ.ബി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.