മഞ്ചേരി പേട്ടയിൽ ഇടവഴിക്ക് ശാപമോക്ഷം; കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു
1602162
Thursday, October 23, 2025 5:34 AM IST
മഞ്ചേരി : കോഴിക്കോട് - നിലന്പൂർ റോഡുകളെ ബന്ധിപ്പിച്ച് പുരാതന കാലം മുതലുണ്ടായിരുന്ന പേട്ടയിൽ ഇടവഴിക്ക് ശാപമോക്ഷമാകുന്നു.
ഇരുചക്ര വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ച് കടന്നു പോകാനാവുന്ന റോഡ് വീതി കൂട്ടാനുള്ള നടപടികൾ ആരംഭിച്ചു. റോഡ് വീതികൂട്ടുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയാണ് നഗരസഭ പദ്ധതി ആവിഷ്ക്കരിച്ചത്. പരിസരത്തുള്ള ഭൂവുടമകൾ സൗജന്യമായി സ്ഥലം വിട്ടു നൽകിയതോടെ റോഡ് വീതി കൂട്ടുന്നതിന് തടസമാകുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു.
നഗരസഭ വൈഡനിംഗ് ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് വീതി കൂട്ടി നവീകരിക്കുന്നത്. നഗരസഭക്ക് പുറമെ മഞ്ചേരി -നിലന്പൂർ പൊതുമരാമത്ത് റോഡിന്റെ ഭാവിവികസനത്തിനാവശ്യമായ സ്ഥലവും ഭൂവുടമകൾ വിട്ടുനൽകി മാതൃകയായി. നഗരസഭ ഡിടിപി സ്കീമിൽ സർക്കാർ നിശ്ചയിച്ച ഇളവ് പ്രകാരം പെർമിറ്റ് അനുവദിച്ചതോടെ നടപടികൾ വേഗത്തിലായി. ഇങ്ങനെ സൗജന്യമായി വിട്ടു സ്ഥലം നൽകുന്നവർക്ക് കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവ് നൽകാനുള്ള പ്രത്യേക ഉത്തരവ് നഗരസഭക്ക് ലഭിച്ചിരുന്നു.
സ്ഥലം വിട്ടുതന്ന വ്യക്തികളെ നഗരസഭ അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രത്യേകം ആദരിച്ചിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ സെൻട്രൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് മറികടന്ന് നിലന്പൂർ റോഡിലെത്താനാകും.
നഗരസഭാധ്യക്ഷ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, സി. സക്കീന, കൗണ്‍സിലർമാരായ ഹുസൈൻ മേച്ചേരി, അഷ്റഫ് കാക്കേങ്ങൽ, മുജീബ് റഹ്മാൻ പരേറ്റ, ഫാത്തിമ സുഹ്റ, മുൻ കൗണ്‍സിലർ കെ.കെ.ബി. മുഹമ്മദാലി, കെട്ടിട ഉടമകളായ മൊയ്തീൻ കുട്ടി ഹാജി കാവനൂർ, സാജിദ് വടക്കൻ എന്നിവർ നേരിട്ടെത്തി പ്രവൃത്തികൾ വിലയിരുത്തി.