പൂന്താനം സ്മാരകം സാംസ്കാരിക ടൂറിസത്തിന്റെഭാഗമാക്കും: മന്ത്രി
1601619
Tuesday, October 21, 2025 7:21 AM IST
കീഴാറ്റൂർ: സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിന്റെ കീഴിൽ പൂന്താനത്തിന്റെ ജൻമനാടായ കീഴാറ്റൂരിൽ നിർമിച്ച സ്മാരക മന്ദിരം സാംസ്കാരിക ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മഹാകവി പൂന്താനം സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികത സ്വന്തം കവിതകളിലൂടെ ഉയർത്തിപിടിച്ചു എന്നതാണ് പൂന്താനത്തെ മറ്റ് സമകാലിക കവികളിൽ നിന്ന് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ. രാജു ഹരിപ്രസാദ് പൂന്താനം സ്മാരക പ്രഭാഷണം നടത്തി.
എ.പി. അനിൽകുമാർ എംഎൽഎ, ജില്ലാ കളക്ടർ വി.ആർ. വിനോദ്, ടൂറിസം ഡെപ്യൂട്ടി കളക്ടർ എസ്.അനിൽകുമാർ, ഡിടിപിസി സെക്രട്ടറി പി. വിപിൻചന്ദ്ര, നിർമിതി കേന്ദ്ര പ്രൊജക്ട് മാനേജർ കെ.ആർ. ബീന, പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, സ്മാരക സമിതി പ്രസിഡന്റ് മങ്ങോട്ടിൽ ബാലകൃഷ്ണൻ, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ബിന്ദു മാത്യു, വാർഡ് അംഗങ്ങളായ ചന്ദ്രൻ ചുള്ളിയിൽ, പി. ഉണ്ണികൃഷ്ണൻ, സ്മാരക സമിതി സെക്രട്ടറി വി. ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു. പൂന്താനം സ്മാരക സമിതി പുന:പ്രസിദ്ധീകരിച്ച ജ്ഞാനപ്പാന, സന്താനഗോപാലം എന്നീ കൃതികൾ നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു.
കീഴാറ്റൂർ അനിയൻ, സി. വാസുദേവൻ എന്നിവർ ആദ്യപ്രതികൾ ഏറ്റുവാങ്ങി.പൂന്താനം സ്മാരക സമിതി സർക്കാരിനു വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്താണ് 1.5 കോടി രൂപ ചെലവിൽ സാംസ്കാരിക നിലയം പണിതത്.