പെരിന്തൽമണ്ണയിൽ "ഉയിർപ്പ്’ ഗുണഭോക്തൃ സംഗമം നടത്തി
1600876
Sunday, October 19, 2025 5:45 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ സൗജന്യ സംരംഭകത്വ പദ്ധതിയിൽ പരിശീലനം നേടിയവരുടെ സംഗമം നടത്തി. ജൻ ശിക്ഷണ്‍ സൻസ്ഥാൻ, എസ്എസ്വിഇപി പദ്ധതികളുമായി സഹകരിച്ച് വനിതകളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്. "ഉയിർപ്പ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പദ്ധതിയായ ജെഎസ്എസിന്റെ സാധ്യതകൾ പരമാവധി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും വനിതാ ശാക്തീകരണ പദ്ധതി കൂടി ഉൾപ്പെടുത്തി വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനവും സംരംഭകത്വത്തിനുള്ള സബ്സിഡി അനുവദിച്ചത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ പ്രഭാഷണം നടത്തി. ജെഎസ്എസ് തൊഴിൽ പരിശീലനം പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം അഡ്വ. യു.എ. ലത്തീഫ് എംഎൽഎ നിർവഹിച്ചു. എസ്എസ്വിഇപി, ഇഡിപി ട്രെയിനിംഗ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്, കുടുംബശ്രീ മിഷൻ എഡിഎം രഗീഷ് എന്നിവർ നിർവഹിച്ചു.
എംബിബിഎസിന് പ്രവേശനം ലഭിച്ച നെൻമിനി പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർഥി എം.ആനന്ദ് രാജിനെയും ജൻശിക്ഷണ്‍ സൻസ്ഥാൻ പ്രോഗ്രാം കോ ഓർഡിനേറ്റർ പി.ടി. സാജിതയെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. അഫ്സൽ, ജമീല ചാലിയത്തൊടി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. അയമു, അഡ്വ. നജ്മ തബ്ഷീറ തുടങ്ങിയവർ പ്രസംഗിച്ചു.