‘ആവശ്യം വന്നാൽ നിയമം കൈയിലെടുക്കാൻ മറക്കില്ല’
1600351
Friday, October 17, 2025 5:23 AM IST
നിലമ്പൂർ: സിപിഎംനേതാവ് ഇ.പി. ജയരാജന് മറുപടിയുമായി മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ. വേണ്ടി വന്നാൽ നിയമം കൈയിലെടുക്കാനും കോൺഗ്രസ് മടിക്കില്ലെന്നും കെ. മുരളിധരൻ മുന്നറിയിപ്പ് നൽകി.
പേരമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ സ്ഫോടക വസ്തുവെറിഞ്ഞുവെന്നത് സിപിഎമ്മിന്റെ തിരക്കഥയാണെന്നും കെ. മുരളീധരൻ പറഞ്ഞു. വിശ്വാസ സംരക്ഷണ ജാഥക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണയോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഷാഫി പറമ്പിൽ എംപിയുടെ മുക്കിന്റെ എല്ലിന് മാത്രമാണ് ഇപ്പോൾ പരിക്കേറ്റതെന്നും ശരീരത്തിനും പരിക്കേൽക്കുമെന്ന ഇ.പി. ജയരാജന്റെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനമാണ്. കോൺഗ്രസ് നേതാക്കളുടെയോ പ്രവർത്തകരുടെയോ ദേഹത്ത്തൊട്ടാൽ വിവരം അറിയുമെന്നും ടി.പി. രാമകൃഷ്ണനും ഇ.പി. ജയരാജനും കെ. മുരളിധരൻ മുന്നറിയിപ്പ് നൽകി.
75 വയസ് പിന്നിട്ട ഇ.പി. ജയരാജന് പാർട്ടി സ്ഥാനങ്ങൾ നഷ്ടമായതോടെ പിണറായി വിജയന്റെ കടാക്ഷം ലഭിക്കാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. ഷാഫി പറമ്പിൽ എംപിക്ക് നേരേ നടന്ന പോലീസ് നടപടിയിൽ പാളിച്ച സംഭവിച്ചുവെന്ന റൂറൽ എസ്പിയുടെ പരാമർശം വന്നതോടെയാണ് സിപിഎം പോലീസിനെ ഭീഷണി പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്.
ഷാഫി പറമ്പിൽ എംപിയെ മർദിച്ച പോലീസുകാർക്ക് എതിരേ നടപടി ഉണ്ടാകുന്ന വരെ യുഡിഎഫ് സമരം തുടരമെന്നും അദേഹം പറഞ്ഞു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജനീഷിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി യൂത്ത്കോൺഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.