താഴെക്കോട്ടെ കാൽനട യാത്രക്കാർക്ക് "ശുഭയാത്ര'യുമായി പോലീസ്
1599882
Wednesday, October 15, 2025 5:17 AM IST
പെരിന്തൽമണ്ണ: കാൽനട യാത്രക്കാർ വാഹനാപകടങ്ങളിൽപെടുന്ന സംഭവങ്ങൾ തടയാൻ പെരിന്തൽമണ്ണ ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി. 3500 ലധികം വിദ്യാർഥികൾ പഠിക്കുന്ന താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്ത് വച്ച് വിദ്യാർഥികൾക്കും ഡ്രൈവർമാർക്കും സീബ്രാലൈനിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫുട്ട്പാത്തിലെ അനധികൃത വാഹന പാർക്കിംഗ്, കാൽനട യാത്രക്കാരുടെ വഴി തടസപ്പെടുത്തിക്കൊണ്ടുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യം എന്നിവ പോലീസ് ബോധ്യപ്പെടുത്തി.
റോഡ് മുറിച്ച് കടക്കുന്നത് ഏങ്ങനെയെന്ന് വിദ്യാർഥികളെ ധരിപ്പിച്ചു. അധ്യാപകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയ്ക്ക് പിന്തുണ നൽകി. സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം, പദ്ധതിയുമായി ബന്ധപ്പെട്ട അധ്യാപകർ, ട്രാഫിക് വാർഡൻമാർ പങ്കെടുത്തു.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ കീഴിലാണ് ബോധവത്കരണം സംഘടിപ്പിച്ചത്. ട്രാഫിക് സബ് ഇൻസ്പെക്ടർമാരായ കബീർ, മനോജ് മംഗലശേരി, എഎസ്ഐ നാസർ, പോലീസ് ഡ്രൈവർ സബിത് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ഡ്രൈവർമാർക്ക് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.