കൗണ്‍സിലറുടെ ഇടപെടൽ ഫലം കണ്ടു : ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി
1599894
Wednesday, October 15, 2025 5:23 AM IST
നിലന്പൂർ: ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ കുരുന്നുകൾക്ക് നഗരസഭ കൗണ്‍സിലറുടെ ഇടപെടലിൽ പോളിയോ തുള്ളിമരുന്ന് നൽകി. മരന്നു നൽകാനുള്ള പേടി മൂലം രക്ഷിതാക്കൾ വീട് അകത്ത് നിന്ന് താഴിട്ടു പൂട്ടിയിരിക്കുകയായിരുന്നു. നിലന്പൂർ ചക്കാലക്കുത്താണ് സംഭവം. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബംഗാൾ സ്വദേശികളായ കുടുംബത്തിലെ അഞ്ച് വയസുള്ള ഇരട്ടക്കുട്ടികൾക്കാണ് രക്ഷിതാക്കൾ തുള്ളിമരുന്ന് നൽകാതിരുന്നത്.
അങ്കണവാടിയിൽ 12 ന് ഒരുക്കിയ പൾസ് പോളിയോ ബൂത്തിൽ കുട്ടികളെ കൊണ്ടുവന്നില്ല. തുടർന്ന് ആശാവർക്കർ സി.കെ. അജിതയും സന്നദ്ധ പ്രവർത്തകരും രണ്ട് തവണ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിലെത്തി. കുട്ടികൾ ഇവിടെ ഇല്ലെന്നായിരുന്നു മാതാവിന്റെ മറുപടി. തുടർന്ന് ആശാപ്രവർത്തക, കൗണ്‍സിലർ ഡെയ്സി ചാക്കോയെ വിവരം അറിയിച്ചു.
ഹിന്ദി വശമുള്ള വിമുക്ത ഭടൻ കെ. അയ്യപ്പൻകുട്ടിയെയും കൂട്ടി കൗണ്‍സിലർ ക്വാർട്ടേഴ്സിലെത്തി. ആശാപ്രവർത്തക ഒപ്പമുണ്ടയിരുന്നു. വാതിൽ തട്ടിവിളിച്ചിട്ടും മാതാവ് പുറത്തുവരാൻ ആദ്യം തയാറായില്ല. ഏറെ നേരത്തിന് ശേഷം വരാന്തയിൽ വന്നു. അതിനിടെ കുട്ടികൾ അകത്ത് നിന്ന് തല നീട്ടി നോക്കി.
കൗണ്‍സിലർ കൈയിൽ കരുതിയ മിഠായികൾ നീട്ടിയതും കുട്ടികൾ ഓടി വന്നു വാതിലിന്റെ വിടവിലൂടെ മിഠായി വാങ്ങി. ഈസമയം അയ്യപ്പൻകുട്ടി ഹിന്ദിയിൽ മാതാവിനോട് കാര്യങ്ങൾ വിശദീകരിച്ചു. ഒടുവിൽ എല്ലാവരുടെയും സ്നേഹനിർബന്ധത്തിന് വഴങ്ങി മാതാവ് വാതിൽ തുറന്നു. ആശാവർക്കർ നൽകിയ മരുന്ന് കുട്ടികൾ ഒരു മടിയുമില്ലാതെ സ്വീകരിച്ചു.