അമരന്പലം പഞ്ചായത്ത് വികസന സദസ് സമാപിച്ചു
1599892
Wednesday, October 15, 2025 5:22 AM IST
പൂക്കോട്ടുംപാടം: അമരന്പലം ഗ്രാമപഞ്ചായത്തിലെ വികസന സദസ് സമാപിച്ചു. പൂക്കോട്ടുംപാടം പിവിഎം ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി അമരന്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലൂടെ നിരവധി പേർക്കാണ് വീട് നിർമിച്ച് നൽകിയത്.
ഗ്രാമപഞ്ചായത്തിലെ സബ്സെന്ററുകളുടെ നിലവാരം മെച്ചപ്പെടുത്തി. 500 പാലിയേറ്റീവ് രോഗികളുള്ള പഞ്ചായത്തിൽ വീട്ടിലെത്തി പരിചരണം നൽകിവരുന്നു. സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ സ്കൂൾ കെട്ടിടം നിർമിച്ചു. നിരവധി മേഖലയിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്തിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് അനിതരാജു അധ്യക്ഷത വഹിച്ചു.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. അനന്തകൃഷ്ണൻ, സ്ഥിരം സമിതി ചെയർമാൻമാരായ അനീഷ്, ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം. ബിജു, രാജൻ, വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി ശിവദാസൻ പഞ്ചായത്ത് വികസന രേഖ അവതരിപ്പിച്ചു.