വനിതാ ഹോക്കി സംസ്ഥാന ടീമിൽ ഇടം നേടി മഹജിബിനും ഫാത്തിമ മുർഷിദയും
1599891
Wednesday, October 15, 2025 5:22 AM IST
മങ്കട: ഉത്തരാഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന അണ്ടർ 17 വനിതാ ഹോക്കിയിൽ കേരളാ ടീമിൽ ഇടം നേടി മലപ്പുറം ജില്ലയിലെ പാങ്ങ് ഗവണ്മെന്റ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ രണ്ടു വിദ്യാർഥിനികൾ. പി.ടി. മഹജിബിൻ, ടി. ഫാത്തിമ മുർഷിദ എന്നിവരാണ് ഈ മിടുക്കികൾ. ഈ വർഷം ജവഹർലാൽ നെഹ്റു വനിതാ ഹോക്കി ടൂർണമെന്റിൽ ഇവർ അംഗങ്ങളായ പാങ്ങ് ജിഎച്ച്എസ്എസിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.
വനിതാ ഹോക്കിയിൽ വർഷങ്ങളായി മികച്ച പ്രകടനവുമായി മുന്നേറുകയാണ്പാങ്ങ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ. മഹജിബിന്റെ പിതാവ് മെഹബൂബ് ക്വാറി തൊഴിലാളിയും മുർഷിദയുടെ പിതാവ് താജുദ്ദീൻ തെങ്ങുകയറ്റ തൊഴിലാളിയുമാണ്.
വനിതാ ഹോക്കിയിൽ കഴിഞ്ഞ വർഷം പാങ്ങ് ജിഎച്ച്എസ്എസിൽ നിന്ന് കെ. ഫാത്തിമ സിയ, എം. ഷഹാന തസ്നി എന്നിവർ സംസ്ഥാന ടീമിൽ അംഗങ്ങളായിരുന്നു. മലപ്പുറം സ്വദേശിയായ പി. ഷാരൂണ്‍ ആണ് പരിശീലകൻ.