നിക്ഷേപ തട്ടിപ്പ് കേസില്‍ കോടികളുമായി മുങ്ങിയ പ്രധാന പ്രതി എടക്കര പോലീസിന്റെ പിടിയിലായി
1600349
Friday, October 17, 2025 5:20 AM IST
എടക്കര : നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പ്രധാന നിക്ഷേപ തട്ടിപ്പ് കേസിലെ പ്രധാന പ്രതി കൊച്ചിയില്‍ എടക്കര പോലീസിന്റെ പിടിയിലായി. നെടുംപറമ്പില്‍ നിധി ലിമിറ്റഡ് സ്ഥാപന ഉടമ കൊച്ചി നെട്ടൂര്‍ പനങ്ങാട് ഐഎന്‍.റ്റിയുസി ജംഗ്ഷന് ജോഹന്‍ ജോര്‍ജി ജെയിംസ് 39 നെയാണ് എടക്കര പോലീസ് കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് കാലാവധി എത്തിയിട്ടും പണം തിരികെ നല്‍കാതെ കബളിപ്പിച്ച കേസില്‍ എടക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് നടത്തിയ ശേഷം മുബൈ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്ന ജോഹാന്‍ രണ്ടുദിവസം മുന്‍പാണ് ഹൈദരാബാദില്‍ നിന്നും നെട്ടൂരിലുള്ള ഫ്ളാറ്റില്‍ എത്തിയത്. എടക്കര പോലിസ് രജിസ്റ്റര്‍ ചെയ്ത പത്ത് കേസുകളില്‍ മാത്രം മൂന്ന് കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയിട്ടുള്ളത്. രണ്ടുമാസം മുമ്പ് സ്ഥാപനത്തിന്റെ ചുങ്കത്തറ ബ്രാഞ്ച് മാനേജര്‍ സി.എ. മാത്യുവിനെ എടക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ കൊച്ചിയിലെ ആഡംബര കോര്‍പറേറ്റ് ഓഫീസ് (നെഡ് സ്റ്റാര്‍) എന്ന പേരില്‍ ഉള്ള ഓഫീസ് പൂട്ടി മുങ്ങിയ ഉടമ ജോഹന്‍ ജോര്‍ജി ജെയിംസ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈ കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. എബ്രഹാം, എടക്കര ഇന്‍സ്പെക്ടര്‍ കമറുദ്ധീന്‍ വള്ളിക്കാടന് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം എറണാംകുളത്ത് ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
എസ്.ഐമാരായ എം. അസൈനാര്‍, എസ് സതീഷ്കുമാര്‍, എ.എസ്.ഐ ഷീജ, സീനിയര്‍ സിപിഒ വി. അനൂപ്, സിപിഒ നജ്മുദീന് മുണ്ടേരി, പനങ്ങാട് എസ്ഐ മുനീര്‍, സിപിഒ ശ്രീജേഷ് എന്നിവരടങ്ങിയ സംഘമാണ് കൊച്ചി നെട്ടൂര്‍ പള്ളിക്ക് സമീപത്തു നിന്നും പ്രതിയെ സഹസികമായി പിടികൂടിയത്.
അന്‍പതിനായിരം രൂപ വാടകയുള്ള ഫെെറ്റില്‍ നിന്നും പ്രതിയുടെ മൊബൈല്‍ ഫോണുകളും, ലാപ്ടോപ്പുകളും, പ്രതി ഉപയോഗിച്ചിരുന്ന എടിഎം, ക്രെഡിറ്റ്, ഡെബിറ്റ് ഇന്റര്‍നാഷണല്‍ കാര്‍ഡുകളും, കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജോഹന്റെ പിതാവടക്കമുള്ള കൂട്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
ജില്ലയില്‍ എടക്കര പോലീസ് സ്റ്റേഷന് പുറമെ നിലമ്പൂര്‍, വഴിക്കടവ്, പോത്തുകല്‍, എടവണ്ണ പോലീസ് സ്റ്റേഷനുകളിലും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്തെ മറ്റ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.