എച്ച്എംസി രൂപീകരിക്കാൻ നഗരസഭയ്ക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കത്ത്
1600150
Thursday, October 16, 2025 5:21 AM IST
മഞ്ചേരി : മഞ്ചേരി ജനറൽ ആശുപത്രിയിൽ എച്ച്എംസി രൂപീകരിക്കാൻ നഗരസഭക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കത്ത്. 2016ൽ ആശുപത്രിയുടെ നടത്തിപ്പ് ചുമതല നഗരസഭക്ക് വിട്ടു നൽകി സർക്കാർ ഉത്തരവുണ്ട്. ഇതനുസരിച്ച് ആശുപത്രിയിൽ എച്ച്എംസി രൂപീകരിക്കാവുന്നതാണ്. ഇനി മറ്റൊരു ഉത്തരവിന്റെ ആവശ്യം ഇല്ലെന്നും വ്യക്തമാക്കിയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
കത്തിന്റെ പകർപ്പ് മുൻസിപ്പൽ സെക്രട്ടറിക്കും കൈമാറി. എച്ച്എംസി രൂപീകരിക്കുന്നതിന് അനുമതി ഇല്ലാതിരുന്നതാണ് ആശുപത്രി ഏറ്റെടുക്കാതിരുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. ഇതേതുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഓഗസ്റ്റിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞിറങ്ങിയ മന്ത്രി വീണാജോർജ് 2016-ലെ സർക്കാർ ഉത്തരവ് എടുത്തുയർത്തി വായിച്ചു.
ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 15 ജനറൽ ആശുപത്രികളും അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. അതിൽ പതിനൊന്നാമതായി മഞ്ചേരിയിലെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ജനറൽ ആശുപത്രിയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ആ ഉത്തരവിൽപ്പെട്ട മറ്റ് 14 ജനറൽ ആശുപത്രികളും അതത് തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു.
എന്നാൽ മഞ്ചേരി നഗരസഭയും എംഎൽഎയും കഴിഞ്ഞ എട്ട് വർഷമായി തുടർനടപടി സ്വീകരിച്ചിരുന്നില്ല. എച്ച്എംസി രൂപീകരിക്കാൻ സർക്കാർ അനുമതി ലഭിച്ചില്ലെന്നായിരുന്നു നഗരസഭയുടെ വാദം. ഇതിനിടെയാണ് ആരോഗ്യ വകുപ്പ് വീണ്ടും ഉത്തരവിറക്കിയത്.