പെരിന്തൽമണ്ണ ഗേൾസ് സ്കൂളിൽ എആർ ലാബ് ഒരുക്കി നഗരസഭ
1600146
Thursday, October 16, 2025 5:21 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ ഗേൾസ് സ്കൂളിൽ സജ്ജമാക്കിയ ജില്ലയിലെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി ലാബ് (എആർ) ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സണ്‍ എ. നസീറ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ജെ.ആർ.ലാൽകുമാർ, പ്രിൻസിപ്പൽ സി.എം. ലത, സ്റ്റാഫ് സെക്രട്ടറി കെ.ടി. ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ അന്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അഡ്വ. ഷാൻസി, മൻസൂർ നെച്ചിയിൽ, കൗണ്‍സിലർമാരായ സക്കീന സൈദ്, പി. സീനത്ത്, ഷാഹുൽ ഹമീദ്, സി.പി. ഷെർളിജ, പിടിഎ പ്രസിഡന്റ് മനോജ് മുല്ലശേരി, പിടിഎ മുൻ പ്രസിഡന്റ് കിനാതിയിൽ സ്വാലിഹ്, എംപിടിഎ പ്രസിഡന്റ് സക്കീന സത്താർ തുടങ്ങിയവർ പങ്കെടുത്തു.
നൂതന എആറിന്റെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രായോഗിക പഠനം നടത്തുവാനുള്ള സൗകര്യമാണ് ഓഗ്മെന്റഡ് റിയാലിറ്റി ലാബ്. വിദ്യാഭ്യാസം, വിനോദം തുടങ്ങിയ വിവിധ മേഖലകൾക്കായുള്ള സംവേദനാത്മക സിമുലേഷനുകളും ആപ്ലിക്കേഷനുകളും സൃഷ്ടിക്കുന്നതിനും പരീക്ഷിക്കുന്നതിനുമായി ഉയർന്ന പ്രകടനമുള്ള കന്പ്യൂട്ടറുകൾ,
എആർ, വിആർ ഹെഡ്സെറ്റുകൾ, വികസന പ്ലാറ്റ്ഫോമുകൾ എന്നിവ ലാബിലുണ്ട്. കൂടാതെ ത്രീഡി മോഡലിംഗ്, ഗെയിം വികസനം എന്നിവയിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമം കൂടിയാണ് എആർ ലാബ് സജ്ജമാക്കിയതോടെ നഗരസഭ മുന്നിൽകാണുന്നത്.