കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
1600147
Thursday, October 16, 2025 5:21 AM IST
കരുവാരകുണ്ട്: വിരണ്ടോടി കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തുവൂർ വാരിയത്ത് ’ഉന്നതി’യിലെ രാമന്റെ പോത്താണ് കെട്ടിയിട്ട കയർ പൊട്ടിച്ച് വിരണ്ടോടി ഒരു കിലോമീറ്റർ അപ്പുറത്തുള്ള കൂരിക്കുന്നിലെ കിണറ്റിൽ വീണത്.
വിവരമറിഞ്ഞെത്തിയ മഞ്ചേരി അഗ്നിരക്ഷാ സേനയാണ് പോത്തിനെ രക്ഷപ്പെടുത്തിയത്. രാമൻ മഞ്ചേരി കാലിച്ചന്തയിൽ നിന്ന് വാങ്ങിയ പോത്തിനെ ഉച്ചയ്ക്ക് 12 ഓടെയാണ് വീട്ടുമുറ്റത്ത് കെട്ടിയിട്ടത്. വാഹനത്തിൽ നിന്നിറങ്ങിയ പോത്ത് പരാക്രമം കാണിച്ചിരുന്നു.
തുടർന്ന് കെട്ടിയ കയർ പൊട്ടിച്ച് വിരണ്ടോടി ഒരു കിലോമീറ്റർ അകലെയുള്ള കൂരിക്കുന്നിലെ നാരായണന്റെ കിണറ്റിൽ വീഴുകയായിരുന്നു. ആൾമറയില്ലാത്ത കിണറിന് പത്ത് മീറ്ററിലേറെ താഴ്ചയുണ്ടായിരുന്നു. പോത്തിനെ പുറത്തെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് മഞ്ചേരി അഗ്നിരക്ഷാ സേനയെത്തി ഒരു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് പോത്തിനെ പുറത്തെടുത്തത്.
ചെറിയ മുറിവുകളൊഴിച്ചാൽ കാര്യമായ പരിക്കുകളൊന്നുമില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.വി.ജയകുമാർ, ഉദ്യോഗസ്ഥരായ സലീം കണ്ണൂക്കാരൻ, വിപിൻ, അനൂപ് മുണ്ടക്കൻ, സുരേഷ് പുതുക്കുടി, ഗണേഷ്, മെഹബൂബ് റഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.