സദ്ഗ്രാമം ഹോം ട്യൂഷൻ പദ്ധതിക്ക് തുടക്കമായി
1600707
Saturday, October 18, 2025 4:56 AM IST
പെരിന്തൽമണ്ണ: പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി നജീബ് കാന്തപുരം എംഎൽഎ പെരിന്തൽമണ്ണ മണ്ഡലത്തിൽ നടപ്പാക്കുന്ന സദ്ഗ്രാമം പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഹോം ട്യൂഷൻ പദ്ധതിക്കും തുടക്കം കുറിച്ചു.
പട്ടികജാതി-വർഗ വിഭാഗങ്ങൾ താമസിക്കുന്ന സദ്ഗ്രാമങ്ങളിൽ അവധി ദിവസങ്ങളിൽ ട്യൂഷൻ ആരംഭിക്കുന്നതാണ് പദ്ധതി. അതത് സദ്ഗ്രാമങ്ങളിലെ ബിരുദ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുക. ബിരുദ വിദ്യാർഥികളില്ലാത്ത സദ്ഗ്രാമങ്ങളിൽ സേവന സന്നദ്ധരായ അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും ട്യൂഷൻ. നിയോജക മണ്ഡലത്തിലെ 100 സദ്ഗ്രാമങ്ങളിൽ ഒന്നാംഘട്ടത്തിൽ പദ്ധതി നടപ്പാക്കും. ഘട്ടംഘട്ടമായി നിയോജക മണ്ഡലത്തിലെ മുഴുവൻ സദ്ഗ്രാമങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.
താഴെക്കോട് ഗ്രാമപഞ്ചായത്തിലെ കുന്നുമ്മൽ സദ്ഗ്രാമത്തിൽ ഹോം ട്യൂഷൻ പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വി.പി. റഷീദ്, രാമകൃഷ്ണൻ, ഓങ്ങല്ലൂർ ഹമീദ്, മരുതന്പാറ മുഹമ്മദലി, ഉബൈദ് ആക്കാടൻ, രവീണ, പ്രസീത, മുഹമ്മദുണ്ണി തച്ചംപറ്റ, രാജൻ, ടി. ഇസ്ഹാഖ്, സുബൈർ, സബാഹ്, റഫീഖ്, വീരാൻ പുളിക്കൽ, ബിന്ദു കുന്നുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.