കരിങ്കൽ ക്വാറിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാർ; റോഡ് നിർമാണം മുടങ്ങി
1600709
Saturday, October 18, 2025 4:56 AM IST
നിലന്പൂർ: മന്പാട് കാരച്ചാലിൽ കരിങ്കൽ ക്വാറിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാർ. സ്ത്രീകൾ ഉൾപ്പെടെ രംഗത്തെത്തി. കാരച്ചാൽ പെരുംപാറയിൽ പുതുതായി തുടങ്ങിയ കരിങ്കൽ ക്വാറിക്കെതിരേയാണ് നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ തോതിൽ പ്രതിഷേധമുയർന്നത്. ഇന്നലെ രാവിലെ പത്തോടെയാണ് നാട്ടുകാർ സംഘടിച്ചത്.
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അകന്പടിയോടെയാണ് ക്വാറി ഉടമകൾ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കൂടി കരിങ്കല്ല് കൊണ്ടുപോകാൻ റോഡ് നിർമിക്കുന്നത്. ഇതിന്റെ പ്രവൃത്തിക്കെതിരേയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
ഇതിനിടയിൽ കരിങ്കൽ കയറ്റി വന്ന ലോറികൾ പോലീസ് സഹായത്തോടെ കടത്തിവിട്ടു. പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കേണ്ടതിനാൽ രണ്ടു ദിവസത്തേക്ക് കരിങ്കൽ കയറ്റി പോകുന്നത് നിർത്തിവയ്ക്കാൻ പഞ്ചായത്ത് അധികൃതർ ക്വാറി ഉടമകളോട് ആവശ്യപ്പെട്ടു. പൊതുറോഡിലൂടെ കരിങ്കൽ കയറ്റി പോകുന്നതിനെ നാട്ടുകാർ എതിർക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യവ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് അതിലൂടെ റോഡ് നിർമിക്കാൻ ജെസിബി ഉൾപ്പെടെയുള്ള സംവിധാനവുമായി ക്വാറി ഉടമകൾ എത്തിയത്. ദുബായിലുള്ള സ്ഥലം ഉടമ കരാർ പ്രകാരം തങ്ങൾക്ക് സ്ഥലം പാട്ടത്തിന് തന്നിട്ടുള്ളതാണെന്ന് ക്വാറി ഉടമകൾ പറഞ്ഞു.
തുടർന്ന് പോലീസ് സ്ഥലം ഉടമയുടെ സഹോദരനെ വിളിച്ചുവരുത്തി. സ്ഥലം ക്വാറി ഉടമകൾക്ക് പാട്ടത്തിന് നൽകിയിട്ടുണ്ടെന്നും ഇതിന്റെ രേഖകൾ ഇന്ന് ഹാജരാക്കാമെന്നും അറിയിച്ചു. ഉച്ചയോടെ കാര്യങ്ങൾ അറിയാക്കാമെന്ന് നാട്ടുകാർക്ക് പോലീസ് ഉൾപ്പെടെ നൽകിയ ഉറപ്പിലാണ്
പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ 2018 ൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നും ഏത് സമയത്തും ഉരുൾപൊട്ടൽ ഉണ്ടാകാമെന്നും നാട്ടുകാർ പറയുന്നു. നീർച്ചാൽ കടന്നുപോകുന്ന ഭാഗത്ത്
ഒരു കരിങ്കൽ ക്വാറി നിലവിലുണ്ട്. ഇതിന് പുറമെയാണ് പുതിയ ക്വാറി കൂടി തുടങ്ങിയിരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ചൂരൽമലയിലുണ്ടായ അവസ്ഥ ക്വാറി പ്രവർത്തിച്ചാൽ ഇവിടെയും സംഭവിക്കാനിടയുണ്ട്.
എസ്സി-എസ്ടി വിഭാഗങ്ങൾ ഉൾപ്പെടെ നൂറിലധികം കുടുംബങ്ങൾ താമസിക്കുന്നു. ക്വാറി പരിസരത്ത് സുരക്ഷിതമില്ലാത്തതും തുരുന്പിച്ചതും കാലപഴക്കവുമുള്ള ഇരുന്പുപെട്ടികളിലാണ് ഉഗ്രശേഷിയുള്ള വെടിമരുന്നുകൾ ഉൾപ്പെടെ സൂക്ഷിച്ചിട്ടുള്ളതെന്നും നാട്ടുകാർ പറയുന്നു. ഈ ക്വാറികൾക്കുള്ള ലൈസൻസ് റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ ലൈസൻസുള്ള ക്വാറികൾ അടച്ചുപൂട്ടാൻ കഴിയില്ലെന്ന നിലപാടാണ് ക്വാറി ഉടമകൾ സ്വീകരിച്ചത്.