ജില്ലാ കായികമേള; എടപ്പാൾ മുന്നോട്ട്
1600875
Sunday, October 19, 2025 5:45 AM IST
ചാത്തന്നൂർ: ചാത്തന്നൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മലപ്പുറം റവന്യു ജില്ലാ സ്കൂൾ കായികമേള രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ ഓവറോൾ കിരീടത്തിനായി എടപ്പാൾ, തിരൂർ ഉപജില്ലകളുടെ പോര് മുറുകുന്നു. ഇന്നലെയും കടകശേരി ഐഡിയലിന്റെ കരുത്തിൽ എടപ്പാൾ ഉപജില്ല തന്നെയാണ് മുന്നിലെങ്കിലും പോരാട്ടം ശക്തമാക്കി തിരൂർ ഉപജില്ല തൊട്ടുപിറകിലായിലുണ്ട്.
58 ഇനങ്ങളുടെ മത്സരഫലം വന്നപ്പോൾ 20 സ്വർണവും 23 വെള്ളിയും 18 വെങ്കലവുമടക്കം 211 പോയിന്റുകൾ കരസ്ഥമാക്കിയാണ് എടപ്പാളിന്റെ കുതിപ്പ്. 23 സ്വർണവും 15 വെള്ളിയും 10 വെങ്കലവുമടക്കം 191 പോയിന്റുകൾ നേടിയാണ് തിരൂർ ഉപജില്ല തൊട്ടടുത്തെത്തിയത്. ആറ് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമടക്കം 52 പോയിന്റുകളുമായി അരീക്കോട് ഉപജില്ലയും നിലകൊള്ളുന്നു.
ഒരു വെങ്കലം മാത്രമായി 0.5 പോയിന്റുമായി വേങ്ങര ഉപജില്ലയാണ് പോയിന്റ് പട്ടികയിൽ ഒടുവിലുള്ളത്. സ്കൂൾ വിഭാഗത്തിൽ കിരീടം ഉറപ്പിച്ചാണ് കടകശേരി ഐഡിയലിന്റെ മുന്നേറ്റം. 17 സ്വർണവും 20 വെള്ളിയും 16 വെങ്കലവുമടക്കം 161 പോയിന്റുമായാണ് ഐഡിയൽ (എടപ്പാൾ ഉപജില്ല) ഒന്നാം സ്ഥാനത്തുള്ളത്.
14 സ്വർണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവുമടക്കം 98 പോയിന്റുമായി നവാമുകുന്ദ എച്ച്എസ് (തിരൂർ ഉപജില്ല ) രണ്ടാം സ്ഥാനത്തും ആറ് സ്വർണവും ആറ് വെള്ളിയും മൂന്നു വെങ്കലവുമടക്കം 51 പോയിന്റുമായി ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് (തിരൂർ ഉപജില്ല) മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
മീറ്റ് ഇന്ന് സമാപിക്കും. അവസാന ദിനത്തിൽ 31 ഫൈനലുകളാണ് നടക്കുക. സബ് ജൂണിയർ ബോയ്സ് ഡിസ്കസ് ത്രോ, 400 മീറ്റർ ഹർഡിൽസ്, 200 മീറ്റർ ഓട്ടം, ട്രിപ്പിൾ ജംപ്, ജൂണിയർ ബോയ്സ് പോൾ വോൾട്ട്, 400 മീറ്റർ ഹർഡിൽസ്, ട്രിപ്പിൾ ജംപ്, ഷോട്ട്പുട്ട്, 200 മീറ്റർ ഓട്ടം, 1500 മീറ്റർ ഓട്ടം, 4x100 മീറ്റർ റിലേ തുടങ്ങിയ ഫൈനലുകൾ ഇന്ന് അരങ്ങേറും. വൈകുന്നേരം അഞ്ചിനാണ് സമാപന സമ്മേളനം. കായിക അധ്യപകരുടെ വിവിധ മത്സരങ്ങളും ഇതോടൊപ്പം നടക്കും.