മഞ്ചേരിയിൽ വികസന സദസ് സംഘടിപ്പിച്ചു
1600878
Sunday, October 19, 2025 5:45 AM IST
മഞ്ചേരി: മഞ്ചേരി നഗരസഭയുടെ വികസന സദസ് കൗണ്‍സിൽ ഹാളിൽ സംഘടിപ്പിച്ചു. ചെയർപേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അഞ്ച് വർഷകാലയളവിനുള്ളിലെ മികച്ച സേവനത്തിന് നഗരസഭയ്ക്ക് ഐഎസ്ഒ അംഗീകാരം ലഭിച്ചു.
ആരോഗ്യ മേഖലയിൽ നഗര ആരോഗ്യകേന്ദ്രങ്ങൾ നിർമിക്കുകയും ഇതിന്റെ കീഴിൽ ആറു വെൽനസ് സെന്ററുകളും നഗരസഭയിൽ പ്രവർത്തിച്ചു വരുന്നു. അവയവം മാറ്റിവച്ച രോഗികൾക്ക് മരുന്ന് കിറ്റുകളും ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനായി മാസം തോറും ഡയാലിസിസ് കിറ്റുകളും നൽകി വരുന്നു.
ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി സംസ്ഥാനത്ത് ആദ്യമായി നഗരസഭ കെട്ടിടത്തിൽ "ഹസ്തം’ ഓഫീസും ആരംഭിച്ചു. 998 പാലിയേറ്റീവ് രോഗികളെ വീട്ടിലെത്തി പരിചരിക്കുകയും ചികിത്സയും മരുന്നും നൽകി വരുന്നു. 83 ഹരിത കർമ സേനാംഗങ്ങളെ ഉപയോഗിച്ച് എല്ലാ മാസവും മാലിന്യം ശേഖരിക്കുന്നു.
92 അങ്കണവാടികളെ സ്മാർട്ട് ആക്കുകയും അങ്കണവാടികൾക്ക് ആവശ്യമായ ഫർണിച്ചർ, ഉപകരണങ്ങൾ എന്നിവ നൽകുകയും ചെയ്തു. സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്നതിന് 1000ത്തോളം വനിതാ സംരംഭങ്ങൾ ആരംഭിച്ചു. വയോജന മേഖലയിൽ പകൽവീട് നിർമിക്കുകയും ഭിന്നശേഷിക്കാർക്കായി മംഗലശേരിയിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുകയും ചെയ്തു. വിവിധ കാര്യങ്ങൾ വികസന സദസിൽ അക്കമിട്ട് നിരത്തിയ യുഡിഎഫ് അംഗങ്ങൾ സർക്കാർ സാന്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതായും കുറ്റപ്പെടുത്തി.
സ്ഥിരംസമിതി ചെയർമാൻമാരായ യാഷിക് മേച്ചേരി, പി. റഹീം, സി. സക്കീന, എൻ.എം. എൽസി, എൻ.കെ. ഖൈറുന്നീസ, കൗണ്‍സിലർമാരായ കണ്ണിയൻ അബൂബക്കർ, മരുന്നൻ സാജിദ് ബാബു, സി.പി. അബ്ദുൾ കരീം, നഗരസഭാ സെക്രട്ടറി വൈ.പി മുഹമ്മദ് അഷ്റഫ്, കൗണ്‍സിൽ ക്ലർക്ക് പി.എ. സമീറലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. തുടർന്ന് മുദ്രാവാക്യം വിളിച്ച് ചടങ്ങ് ബഹിഷ്കരിച്ച് യുഡിഎഫ് കൗണ്‍സിലർമാരും നേതാക്കളും പ്രകടനമായി വേദിവിട്ടു. ഇതിനെതിരേ എൽഡിഎഫിന്റെ വനിതാ കൗണ്‍സിലർമാർ കൂകിവിളിക്കുകയും ചെയ്തു. യുഡിഎഫ് ബഹിഷ്കരിച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെയും തദ്ദേശ വകുപ്പ് മന്ത്രിയുടെയും വീഡിയോ സന്ദേശം പ്രദർശിപ്പിച്ചത്.