കസ്റ്റഡി മരണ വിവാദം : ലഹരിക്കേസുകളിൽ പിന്നോട്ടടിച്ച് പോലീസ്
1600851
Sunday, October 19, 2025 5:05 AM IST
തേഞ്ഞിപ്പലം: യുവതലമുറയെ നശിപ്പിക്കുന്ന ന്യൂജൻ ലഹരിക്കെതിരായ പോരാട്ടത്തിൽ തിരിച്ചടി നേരിട്ട പോലീസിന് മനോവീര്യ തകർച്ച. എംഡിഎംഎ അടക്കമുള്ള ലഹരി ഉത്പന്നങ്ങൾ വിൽപ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തികളെ പിടികൂടാൻ പോലീസ് നടത്തിയ റെയ്ഡിനും തുടർ നടപടികൾക്കുമിടയിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചത് വലിയ വിവാദമായ സാഹചര്യത്തിലാണ് ലഹരി ഇടപാടും ഉപയോഗവും തടയാനുള്ള നടപടികളിൽ നിന്നാണ് പോലീസിന്റെ പതിയെയുള്ള പിൻമാറ്റം. താനൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡി കൊലപാതകമുണ്ടായെന്ന ആരോപണത്തെ തുടർന്ന് സർക്കാർ അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു.
താമിർ ജഫ്രിയെന്ന യുവാവിനെ പോലീസ് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ സംഭവം വിവാദമാവുകയും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കെതിരേ അച്ചടക്ക നടപടിയുണ്ടാകുകയും ചെയ്തതോടെ പോലീസ് ഉദ്യോഗസ്ഥർ ഏറെ കരുതലോടെയാണ് കേസുകളെ സമീപിക്കുന്നത്. ഇക്കാര്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. സർവീസ് കാലഘട്ടം സുരക്ഷിതമായി പൂർത്തിയാക്കാൻ കഴിയാവുന്ന വിധത്തിലേക്കാണ് പല പോലീസ് ഉദ്യോഗസ്ഥരുടെയും സമീപനം മാറിയിരിക്കുന്നത്.
അതിനാൽ പ്രധാന ദേശീയപാത കടന്നുപോകുന്ന തേഞ്ഞിപ്പലം സ്റ്റേഷൻ പരിധിയിൽ അടക്കം ഗൗരവമേറിയ ലഹരി കേസുകളിൽ ഉൾപ്പെടെ കാര്യമായ കുറവുണ്ടായിട്ടുണ്ട്. താമിർ ജിഫ്രിയുടെ മരണത്തിൽ പോലീസ് പ്രതി സ്ഥാനത്താകുകയും രൂക്ഷമായ വിമർശനത്തിനും നവ മാധ്യമങ്ങളിലൂടെ സാമൂഹിക വിചാരണയ്ക്കും വിധേയമായിരുന്നു.
ഇതോടെ കേസുകളിൽ സ്വയംരക്ഷ നോക്കിയുള്ള നടപടികൾ മതിയെന്നും ന്യായാന്യായങ്ങളിൽ ആവേശം വേണ്ടെന്നുമുള്ള പൊതുവികാരമാണ് പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായിരിക്കുന്നത്. പോലീസിൽ ഇത്തരമൊരു മാനസികാവസ്ഥ ഉണ്ടാകുന്നത് ക്രിമിനൽ സംഘങ്ങൾക്ക് തണലാണ്.