മുന്നിൽ നടന്ന് മലപ്പുറം : പൂർണമായും ശീതീകരിച്ച സർക്കാർ എൽപി സ്കൂൾ നാടിന് സമർപ്പിച്ചു
1601258
Monday, October 20, 2025 5:06 AM IST
മലപ്പുറം: വിദ്യാഭ്യാസ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ രംഗത്ത് മാതൃകയായി മലപ്പുറം. രാജ്യത്ത് ആദ്യമായി പൂർണമായും ശീതീകരിച്ച സൗകര്യങ്ങളോടുകൂടിയ സർക്കാർ എൽപി സ്കൂൾ നാടിന് സമർപ്പിച്ചു. മലപ്പുറം മേൽമുറി മുട്ടിപ്പടി ജിഎംഎൽപി സ്കൂളിന്റെ നൂറുവർഷം പഴക്കമുണ്ടായിരുന്ന കെട്ടിടമാണ് ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതത്. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എംഎൽഎ മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സണ് ഫൗസിയ കുഞ്ഞിപ്പു, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. സക്കീർ ഹുസൈൻ, പരി അബ്ദുൾ ഹമീദ്, മറിയുമ്മ ഷരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, വാർഡ് കൗണ്സിലർ നാജിയ ഷിഹാർ, പ്രധാന്യാപിക ബി. പത്മജ എന്നിവർ പ്രസംഗിച്ചു.
എൻജിനിയറിംഗ് വിഭാഗം ഫിറ്റ്നസ് നൽകാതെ ശോചനീയാവസ്ഥയിലായ സ്കൂളിനാണ് മലപ്പുറം നഗരസഭ അത്യാധുനിക സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടം നിർമിച്ചത്. നിലവിലുണ്ടായിരുന്ന സ്ഥലത്തിന് പകരമായി നഗരസഭ പുതിയ സ്ഥലംവാങ്ങിയ ശേഷമാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. സ്ഥലം വാങ്ങിയത് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയുള്ള സ്കൂൾ നിർമാണത്തിന് 5.51 കോടി ചെലവഴിച്ചു.
5.1 കോടിയുടെ തനത് ഫണ്ട് ഉപയോഗിച്ചും 50 ലക്ഷം പി. ഉബൈദുള്ള എംഎൽഎയുടെ ആസ്തി വികസന ഫണ്ടും ഉപയോഗപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. മുഴുവൻ ക്ലാസ്റൂമുകളിലും എയർകണ്ടീഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് പുറമേ മുഴുവൻ സ്മാർട്ട് ക്ലാസിനായി പ്രോജക്ടറുകൾ, സ്ക്രീനുകൾ, ഡിജിറ്റൽ ബോർഡുകൾ, കെട്ടിടത്തിന്റെ മൂന്ന് നിലകളിലും പ്യൂരിഫൈഡ് വാട്ടർ കിയോസ്ക്കുകൾ, ശിശുസൗഹൃദ ബെഞ്ച്, ഡെസ്ക്കുകൾ, സ്ഥാപനത്തിൽ മൊത്തമായി മൈക്ക്, സിസിടിവി എന്നിവയും ഒരുക്കി.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സോളാർ അധിഷ്ഠിതമായിട്ടാണ് സ്കൂൾ കെട്ടിടം തയാറാക്കിയത്. പ്രധാനാധ്യാപന്റെ റൂം, സ്റ്റാഫ് റൂം, ലാബ്, ആധുനിക അടുക്കള സൗകര്യങ്ങൾ ഉൾപ്പെടെയാണ് എൽപി സ്കൂളിൽ ഒരുക്കിയത്. സ്ഥലം വാങ്ങി നിർമാണം ആരംഭിച്ച് ഒന്നരവർഷം കൊണ്ടാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം മലപ്പുറം നഗരസഭ പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഘോഷയാത്രയും ഉണ്ടായിരുന്നു.