കാർ തടഞ്ഞുനിർത്തി കുടുംബത്തെ ആക്രമിച്ച് പണം കവർന്ന യുവാക്കൾ അറസ്റ്റിൽ
1601620
Tuesday, October 21, 2025 7:21 AM IST
എടക്കര: കാർ തടഞ്ഞുനിർത്തി കുടുംബത്തെ ആക്രമിച്ച് പണം കവർന്ന രണ്ട് യുവാക്കളെ പോത്തുകൽ പോലീസ് പിടികൂടി. ഉപ്പട ചാത്തംമുണ്ട വടക്കൻ ഉബൈദുള്ള(23), പോത്തുകൽ കുട്ടംകുളം കുന്നേൽ അരുണ്‍ജിത്ത് (23) എന്നിവരെയാണ് പോത്തുകൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാത്തംമുണ്ട പീപ്പിൾസ് വില്ലേജിലെ താമസക്കാരനും പോത്തുകൽ ബസ് സ്റ്റാൻഡിൽ ഹോട്ടൽ നടത്തിപ്പുകാരനുമായ സൂത്രത്തിൽ ഷിജുവും ഭാര്യയും കുട്ടികളും സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തിയാണ് പ്രതികൾ ആക്രമണം നടത്തിയതും പണം കവർന്നതും.
ആക്രമണത്തിൽ ഷിജുവിന് പരിക്കേറ്റിരുന്നു. നാലായിരം രൂപയും പ്രതികൾ കവർന്നു. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഹോട്ടലടച്ച് വീട്ടിലേക്ക് വരുംവഴി പീപ്പിൾസ് വില്ലേജിന് സമീപത്ത് വച്ചായിരുന്നു അക്രമം. സംഭവം നടന്നയുടൻ പോത്തുകൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ ഷിജുവും കുടുംബവും നിലന്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.