ചികിത്സയും പരിചരണവുമില്ലാതെ ആദിവാസി സഹോദരങ്ങൾ ദുരിതക്കയത്തിൽ
1601622
Tuesday, October 21, 2025 7:21 AM IST
എടക്കര: വിദഗ്ധ ചികിത്സയും ആരോഗ്യ പരിചരണവും ലഭിക്കാതെ ആദിവാസി സഹോദരങ്ങൾ ദുരിതക്കയത്തിൽ. ചുങ്കത്തറ പഞ്ചായത്തിലെ കൈപ്പിനി അന്പലപ്പൊയിൽ മേലെ ഊരിലെ സഹോദരങ്ങളായ കുട്ടൻ (46), വാസു എന്ന ചെറിയകുഞ്ഞ് (41) എന്നിവരാണ് ദുരിതം അനുഭവിക്കുന്നത്. തെങ്ങുകയറ്റ തെഴിലാളിയായിരുന്ന കുട്ടൻ മൂന്ന് വർഷം മുന്പ് പക്ഷാഘാതത്തെത്തുടർന്നാണ് അവശനായത്. ഇയാളുടെ വലതുഭാഗം തളർന്നിട്ടുണ്ട്.
എങ്കിലും ഊന്നുവടിയുടെ സഹായത്താൽ ഊരിലൂടെ നടക്കുമായിരുന്നു. ഇപ്പോൾ നടക്കാൻ കഴിയാതെ കിടപ്പിലായിരിക്കുകയാണ്. കുട്ടന്റെ സഹോദരൻ വാസു ഒരു മാസം മുന്പ് വരെ ആരോഗ്യവാനായിരുന്നു. പനിയും ഛർദ്ദിയുമുണ്ടാവുകയും നിലന്പൂർ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ നടത്തുകയും ചെയ്തു.

എന്നാൽ ഒരുമാസമായി തീരെ അവശനായി ഇയാളും കിടപ്പിലാണ്. എന്താണ് വാസുവിന്റെ അസുഖമെന്ന് കണ്ടെത്താൻ ചികിത്സ തേടാൻ പോലും ഇവർക്കാകുന്നില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വീടുകളിലാണ് ഇവർ കഴിയുന്നത്. വാസുവിന്റെ വീട്ടിൽ പ്രാഥമികവാശ്യങ്ങൾ നിർവഹിക്കുന്നതിന് സൗകര്യമില്ല.
ഇയാളുടെ ഭാര്യ ബിന്ദു തൊഴിലുറപ്പ് പണിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. വാസു കിടപ്പിലായതോടെ ബിന്ദുവിന് പണിക്ക് പോകാനും കഴിയാതെയായി. പാലിയേറ്റീവ് അധികൃതർ നൽകുന്ന പരിചരണമാണ് ഇവരുടെ ഏക ആശ്രയം. ആദിവാസി ഊരുകളിലെ വിവരങ്ങൾ യഥാസമയങ്ങളിൽ വിവിധ വകുപ്പ് അധികൃതരെ അറിയിക്കേണ്ട എസ്ടി പ്രമോട്ടറുടെ സേവനം ഊരിൽ ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു.
ആദിവാസി ക്ഷേമത്തിനായി വൻതോതിൽ ഫണ്ട് ചെലവഴിക്കുന്ന ഐടിഡിപി അധികൃതരും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറില്ല. വനത്തിനുള്ളിൽ അല്ലാത്തതിനാൽ ട്രൈബൽ മൊബൈൽ യൂണിറ്റിന്റെ സേവനവും ഇവർക്ക് അന്യമാണ്.
സഹോദരങ്ങളുടെ ദുരിതാവസ്ഥയറിഞ്ഞ അന്പലപ്പൊയിൽ നവദീപം കലാകായിക വേദി പ്രവർത്തകരായ പി.ആർ. സുഭാഷ്, സുജിത് കുമാർ, ജയാനന്ദൻ, സന്തോഷ്, കൃഷ്ണകുമാർ, വെട്ടത്ത് സോമൻ എന്നിവരുടെ നേതൃത്വത്തിൽ ഊരിലെത്തി രോഗികൾക്ക് കിടക്ക, ഫാൻ, ബൾബുകൾ തുടങ്ങിയവ ലഭ്യമാക്കുകയും അവശ്യസാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തു.