ഡോക്ടർമാരുടെ സമരം മഞ്ചേരിയെയും ബാധിച്ചു
1601610
Tuesday, October 21, 2025 7:21 AM IST
മഞ്ചേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജിലെ ഡോക്ടർമാർ നടത്തുന്ന സമരം മഞ്ചേരിയെയും ബാധിച്ചു.
ഒപിയും അധ്യയനവും ബഹിഷ്കരിച്ചരിച്ചായിരുന്നു പ്രതിഷേധം. ഇതോടെ ആശുപത്രിയിലെത്തിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി. അത്യാഹിത വിഭാഗത്തിലും വാർഡുകളിലും ഡോക്ടർമാരെത്തി. ശസ്ത്രക്രിയകളെയും ബാധിച്ചില്ല. സമരം മൂലം ഒപി പരിശോധന ഉച്ചയോടെ അവസാനിച്ചു. ജൂണിയർ റസിഡന്റുമാർ, ഹെൽത്ത് സർവീസിന് കീഴിലെ ഡോക്ടർമാർ എന്നിവരുടെ സേവനം ലഭിച്ചതിനാൽ രോഗികൾക്ക് കാര്യമായ പ്രയാസം ഉണ്ടായില്ല.
അവശ്യ സേവനങ്ങൾ, ഐസിയു, ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാതെയായിരുന്നു സമരം. കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) യുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നിയമപരമായ കുടിശിക നിഷേധിക്കൽ, പുതിയ മെഡിക്കൽ കോളജുകളിൽ ദേശീയ മെഡിക്കൽ കമീഷൻ (എൻഎംസി) മാനദണ്ഡങ്ങൾക്കനുസരിച്ചും രോഗികളുടെ ബാഹുല്യം അനുസരിച്ചും പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.