ഏഴുവർഷം പൂർത്തിയാക്കി ഇഎംഎസ് മാനസികാരോഗ്യ ക്യാന്പ്
1601751
Wednesday, October 22, 2025 5:35 AM IST
പെരിന്തൽമണ്ണ: ഇഎംഎസ് മെമ്മോറിയൽ ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ് മാസംതോറും നടത്തുന്ന മാനസികാരോഗ്യ ക്യാന്പ് കഴിഞ്ഞ ദിവസത്തോടുകൂടി ഏഴ് വർഷം പൂർത്തിയാക്കി. 2018ൽ 45 രോഗികൾക്ക് ചികിത്സ നൽകി ആരംഭിച്ച ക്യാന്പ് 84 റൗണ്ട് പൂർത്തിയാകുന്പോൾ 325 ലേറെ രോഗികൾ ഗുണഫലങ്ങൾ അനുഭവിക്കുന്നു.
പരിശോധനയും മരുന്നുകളും സൗജന്യമായാണ് ട്രസ്റ്റ് ലഭ്യമാക്കുന്നത്. ഏലങ്കുളത്ത് വച്ചാണ് ക്യാന്പുകൾ നടത്തുന്നത്. ഇഎംഎസ് ആശുപത്രി, ആരോഗ്യവകുപ്പ്, ഏലംകുളം പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാന്പ് നടത്തുന്നത്. ഇഎംഎസ് ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ. ആഷിഷ് നായരാണ് തുടക്കം മുതൽ രോഗികളെ പരിശോധിക്കുന്നത്.
ആശുപത്രി ക്ലിനിക്കൽ സ്റ്റാഫ്, ഏലംകുളം എഫ്എച്ച്സി ജീവനക്കാർ, ആശാവർക്കർമാർ എന്നിവരും സഹകരിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഏലംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിലാണ് ക്യാന്പ്. തുടർചികിത്സ നൽകിയതിനാൽ ക്യാന്പിൽ വരുന്ന 40 രോഗികൾ സ്വയം പ്രാപ്തരായി.
പലരും ജോലിക്ക് പോകാൻ തുടങ്ങി. താഴേക്കോട് പഞ്ചായത്തിലേക്ക് കൂടി ക്യാന്പ് പ്രവർത്തനം നടത്താനുള്ള ശ്രമത്തിലാണ് ട്രസ്റ്റ്. ട്രസ്റ്റ് ഇൻ ചാർജ് സി.ഗോവിന്ദൻകുട്ടി, ഉണ്ണികൃഷ്ണൻ, ഷൈലജ എന്നിവർ ക്യാന്പിന് നേതൃത്വം നൽകി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ട്രസ്റ്റിന്റെ ചെയർമാനും വി.രമേശൻ സെക്രട്ടറിയുമാണ്.