കനത്ത മഴയെത്തുടർന്ന് റോഡിൽ മെറ്റൽ നിരന്നു; യാത്രക്കാർ ദുരിതത്തിൽ
1601752
Wednesday, October 22, 2025 5:35 AM IST
എടക്കര: കനത്ത മഴയെത്തുടർന്ന് റോഡിൽ മെറ്റൽ നിരന്ന് വാഹന യാത്രക്കാർ ദുരിതത്തിലായി. ചുങ്കത്തറ പഞ്ചായത്തങ്ങാടിയിൽ നിന്ന് സുൽത്താൻപടിയിലെത്തുന്ന റോഡിലാണ് മെറ്റൽ നിരന്നതിനെത്തുടർന്ന് വാഹനയാത്രക്കാർ ദുരിതത്തിലായത്. ഞായറാഴ്ച പെയ്തിറങ്ങിയ കനത്ത മഴയിലാണ് മെറ്റൽ റോഡിലേക്ക് പതിച്ചത്.
ചുങ്കത്തറ പഞ്ചായത്തങ്ങാടി മുതൽ സുൽത്താൻപടി വരെ ജൽ ജീവൻ മിഷൻ കുടിവെള്ള പ്രവൃത്തിക്കായി കീറിയ ചാലുകളിൽ ഒരു മാസം മുന്‍പ് കരാറുകാർ മെറ്റൽ നിറച്ചിരുന്നു. എന്നാൽ ടാറിംഗ് നടത്തിയിരുന്നില്ല.
ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ മെറ്റൽ മുഴുവനായി റോഡി ലേക്കെത്തുകയും ചാലുകൾ അപകടകരമായിത്തീരുകയും ചെയ്തു. നിരവധി ബൈക്ക് യാത്രികരാണ് മെറ്റലിൽ തെന്നി റോഡിൽ വീണത്. ഇതേത്തുടർന്ന് ട്രോമാ കെയർ അംഗങ്ങളും നാട്ടുകാരും റോഡിൽ നിന്ന് മെറ്റൽ നീക്കം ചെയ്യാൻ തുടങ്ങി.
ഉച്ചയോടെയാണ് ജൽജിവൻ മിഷൻ പൈപ്പ് ലൈനിന്റെ കരാറുകാരൻ തൊഴിലാളികളെ നിർത്തി ബാക്കിയുള്ള മെറ്റൽ റോഡിൽ നിന്ന് നീക്കം ചെയ്തത്. റോഡരികിലെ അപകടകരമായ ചാലുകളിൽ റിബണ്‍ കെട്ടി തിരിക്കുകയും ചെയ്തു. രണ്ടര വർഷം മുന്‍പാണ് ചുങ്കത്തറ സുൽത്താൻപടി റോഡ് റബറൈസ് ചെയ്തത്.
ജൽജീവൻ കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചത് വിവാദങ്ങൾക്കിടയാക്കിയപ്പോൾ എത്രയും വേഗം ടാറിംഗോ കോണ്‍ക്രീറ്റോ ചെയ്ത റോഡ് പൂർവാവസ്ഥയിലാക്കുമെന്ന് കരാറുകാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വെട്ടിപ്പൊളിച്ച റോഡ് ഒരിടത്തും പുനർനിർമിക്കാൻ കരാറുകാരൻ തയാറായില്ല.