അതിശക്തമായ മഴ : വേങ്ങാട് ആദിവാസി നഗറിലെ സംരക്ഷണഭിത്തി തകർന്നു
1601746
Wednesday, October 22, 2025 5:35 AM IST
വീടുകൾ ഭീഷണിയിൽ
നിലന്പൂർ: കനത്ത മഴയിൽ വേങ്ങാട് നഗറിലെ സംരക്ഷണഭിത്തി തകർന്നു. ആദിവാസി കുടുംബങ്ങൾ ആശങ്കയിൽ. ചാലിയാർ പഞ്ചായത്തിലെ വേങ്ങാട് നഗറിലെ സിന്ധുവിന്റെ വീടിന്റെ പിൻഭാഗത്ത് പഞ്ചായത്ത് നിർമിച്ചിരുന്ന സംരക്ഷണഭിത്തിയാണ് മഴയിൽ തകർന്നുവീണത്. നാല് ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ മൂന്ന് വീടുകൾ കാലപഴക്കത്താൽ ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
10 സെന്റ് സ്ഥലത്താണ് നാല് വീടുകളും ഒരു പശുതൊഴുത്തുമുള്ളത്. നിന്ന് തിരിയാൻ പോലും വീട്ടിൽ സ്ഥലമില്ല. സിന്ധുവിന്റെ മകളും ഐടിഡിപി പ്രൊമോട്ടറുമായ സുനിത പറയുന്നത് കേട്ടാൽ മതി ഇവരുടെ ദുരിത ജീവിതം അറിയാൻ. ഗർഭിണിയായി ഒന്പതാം മാസത്തിൽ നിൽക്കുന്ന സുനിത കടുത്ത ആശങ്കയിലാണ്.
കാലപഴക്കമേറിയ ചെറിയ വീട്ടിൽ ഏഴ് അംഗങ്ങളാണുള്ളത്. എല്ലാവർക്കും കൂടി കിടക്കാൻ പോലും സ്ഥലമില്ല. അതിനാൽ സമീപത്തെ സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് താൽക്കാലികമായി കെട്ടിയ ഷെഡിലാണ് സുനിതയും ഭർത്താവ് പ്രഭുവും കിടക്കുന്നത്. ഇവിടെയും മഴ പെയ്താൽ സ്ഥിതി അവതാളത്തിലാകും.
ഇവിടെ തേക്ക് മരങ്ങളും പ്ലാവുകളും ഉള്ളതിനാൽ പ്ലാസ്റ്റിക്ക് ഷെഡിന് മുകളിലേക്ക് വീഴാൻ
സാധ്യതയുണ്ട്. മഴയെ തുടർന്ന് പ്ലാസ്റ്റിക് ഷെഡിൽ നിന്ന് വീട്ടിലേക്ക് എത്തിയപ്പോഴാണ് വീടിന് പിറകുവശത്തെ സംരക്ഷണഭിത്തി തകർന്ന് വീണത്. ഇനി മഴ പെയ്താൽ സംരക്ഷണ ഭിത്തിയുടെ ബാക്കി ഭാഗം കൂടി ഇടിഞ്ഞ് വീഴാൻ സാധ്യതയേറെയാണ്.
ചാലിയാർ പഞ്ചായത്ത് വിഒഇയെ സ്ഥലത്ത് കൊണ്ടുവന്ന് വീടിന്റെ അപകടാവസ്ഥ നേരിൽ ബോധ്യപ്പെടുത്തിയതാണ്. എന്നാൽ നടപടി ഉണ്ടായിട്ടില്ല. മഴ പെയ്യുന്പോൾ വീടിനുള്ളിൽ കുട ചൂടി നിൽക്കേണ്ട അവസ്ഥയിലാണെന്ന് നഗറിലെ അയ്യാ എന്ന വയോധിക പറയുന്നു. വീടിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാൻ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും ഫലമില്ലെന്ന് നഗറിലെ ബാലനും പറയുന്നു.
പട്ടികവർഗക്ഷേമത്തിന് മന്ത്രിയും ചെലവഴിക്കാൻ ഫണ്ടും ധാരാളം ഉള്ളപ്പോഴാണ് ഒന്പത് മാസം ഗർഭിണിയായ യുവതി ഉൾപ്പെടെ പ്രാണഭീതിയിൽ ജീർണാവസ്ഥയിലുള്ള വീടുകളിൽ കഴിയുന്നത്.