ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് നേട്ടമുണ്ടാക്കാമെന്ന്
1602170
Thursday, October 23, 2025 5:34 AM IST
നിലന്പൂർ: ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ. റസാഖിന്റെ സ്മരണക്കായി നിർമിച്ച് നിലന്പൂർ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരു അദ്ദേഹം.
എം.എ. റസാഖിനൊപ്പം ഒന്നിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനായിരുന്നു അദ്ദേഹം. കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തികളിലൊന്നാണ് നിലന്പൂർ ബ്ലോക്ക് പഞ്ചായത്തെന്നും ഇച്ഛാശക്തിയോടെ പ്രവർത്തനം നടത്തിയാൽ ബ്ലോക്ക് പഞ്ചായത്തുകൾക്കും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയുമെന്നും അതിനുദാഹരണമാണ് നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് വി.ഡി. സതീശൻ പറഞ്ഞു.
കാർഷിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ചുങ്കത്തറ സർവീസ് സഹകരണ ബാങ്കിനുള്ള അവാർഡും വി.ഡി. സതീശൻ വിതരണം ചെയ്തു. അവാർഡ് ബാങ്ക് പ്രസിഡന്റ് സി.ഡി. സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു.
താൻ എംഎൽഎ ആയിട്ട് മൂന്നര മാസമേ ആയുള്ളുവെങ്കിലും നിരവധി വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ നടത്താനായെന്ന് എംഎൽഎ പറഞ്ഞു. പി.വി. അബ്ദുൾ വഹാബ് എംപി മുഖ്യപ്രഭാഷണം നടത്തി.
നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, വി.എ. കരീം, എ. ഗോപിനാഥ്, കെ.ടി. കുഞ്ഞാൻ, പറന്പിൽ ബാവ, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.