തോട്ടുപൊയിൽ ജനകീയാരോഗ്യ കേന്ദ്രത്തിന് ശിലയിട്ടു
1602166
Thursday, October 23, 2025 5:34 AM IST
മഞ്ചേരി: തോട്ടുപൊയിൽ ജനകീയാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി തറക്കല്ലിട്ടു. മഞ്ചേരി നഗരസഭ ചെയർപേഴ്സണ്‍ വി.എം. സുബൈദ ശിലാസ്ഥാപനം നിർവഹിച്ചു.
നഗരസഭാ കൗണ്‍സിലർ മരുന്നൻ മുഹമ്മദ്, ഭാര്യ ഫാത്തിമ, മരുന്നൻ പാത്തുമ്മയുടെ മക്കളായ അബ്ദുറഹിമാൻ, അബൂബക്കർ, അബ്ദുനാസർ, പാത്തുമ്മ, മറിയുമ്മ എന്നിവർ സൗജന്യമായി നൽകിയ ഭൂമിയിലാണ് പുതിയ കെട്ടിടം പണിയുന്നത്. നിലവിൽ കേന്ദ്രം പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിനോട് ചേർന്നാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പദ്ധതിക്കായി നഗരസഭ 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ഏഴ് വരെയാണ് ആശുപത്രിയുടെ പ്രവർത്തനം. രോഗപ്രതിരോധ പ്രവർത്തനം, പ്രാഥമിക രോഗചികിത്സാ സൗകര്യം, പാലിയേറ്റീവ് പ്രവർത്തനം, ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സ, കാൻസർ ഡിറ്റക്ഷൻ ക്ലിനിക് തുടങ്ങിയ സൗകര്യങ്ങൾ ആശുപത്രിയിൽ ലഭ്യമാകും. നഗരസഭക്ക് കീഴിൽ ആറ് വെൽനസ് സെന്ററുകളാണ് നിലവിലുള്ളത്. തോട്ടുപൊയിലിന് പുറമെ പിലാക്കൽ, നെല്ലിക്കുത്ത്, വീന്പൂർ, വട്ടപ്പാറ, പുല്ലൂർ ആര്യംപാടം എന്നിവിടങ്ങളിലാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്. പിലാക്കൽ വെൽനസ് സെന്ററിനും സൗജന്യമായി സ്ഥലം ലഭിച്ചിരുന്നു. ഇവിടെ കെട്ടിട നിർമാണം അന്തിമ ഘട്ടത്തിലാണ്.
വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, സി സക്കീന, എൻ എം എൽസി, കൗണ്‍സിലർമാരായ മരുന്നൻ മുഹമ്മദ്, ചിറക്കർ രാജൻ, മുഹ്മിദ ശിഹാബ്, ലുക്മാനുൽ ഹക്കീം, കെ.പി. ഇഖ്ബാൽ, അഷ്റഫലി, തോട്ടുപൊയിൽ മഹല്ല് കമ്മിറ്റി സെക്രട്ടറി വി. ആസിഫ് റഹ്മാൻ, പരപ്പൻ അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.