കൗതുകമുണർത്തി സൈനിക ക്യാമ്പ് സന്ദർശനം
1425597
Tuesday, May 28, 2024 7:56 AM IST
കോഴിക്കോട്: കെജിഎഫ് സിനിമയിൽ കണ്ട മിനിറ്റിൽ നൂറുകണക്കിന് വെടിയുണ്ടകൾ പായിക്കുന്ന യന്ത്രതോക്കും കുഴിബോംബുകളും റോക്കറ്റ് ലോഞ്ചറുകളും നേരിൽ കണ്ട് ഇന്ത്യൻ സേനയോടുള്ള സ്നേഹം ആവേശമായി ഒഴുകി. യുദ്ധോപകരണങ്ങൾ തൊട്ടും ചിലതെല്ലാം കൈയ്യിലെടുത്തും ആഗ്രഹം തീർത്തു. കോഴിക്കോട് പ്രസ് ക്ലബ് അംഗങ്ങളുടെ മക്കൾക്കായി ഒരുക്കിയ സൈനിക ക്യാമ്പ് സന്ദർശനമാണ് വേറിട്ട അനുഭവമായത്.
മുംബൈ താജ് ഭീകരാക്രമണത്തിന്റെ അനുഭവം സുബേദാർ മനീഷ് പങ്കുവച്ചപ്പോൾ കുട്ടികളുടെ ആവേശം ഇരട്ടിയാക്കി. ടാങ്കിനൊപ്പം സെൽഫി, ‘ഭീകരരെ’ സൈനികർ കീഴ്പ്പെടുത്തുന്നതിന്റെ മോക്ക് ഡ്രിൽ, കാടുകളിലൂടെയുള്ള സാഹസിക യാത്ര, സൈനികരുടെ റാങ്കിംഗും നേട്ടങ്ങളും അതിർത്തി കടന്നുള്ള സേവനങ്ങളുടെ വിവരങ്ങളും എല്ലാമറിഞ്ഞ് പകൽ മുഴുവൻ വെസ്റ്റ്ഹിൽ ബാരക്സിലെ സൈനിക ക്യാമ്പിൽ ഇവർ ചെലവിട്ടു.
ട്രെയിനിംഗ് ജെസിഒ സുബേദാർ കെ.കെ. ഗിജിൽ കുട്ടികൾക്ക് ആയുധങ്ങൾ പരിചയപ്പെടുത്തി. സുബേദാർ ഉണ്ണി മനേക്, ഡ്യൂട്ടി ജെസിഒ സുബേദാർ വിനോദ് കുമാർ പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ്. രാകേഷ് എന്നിവരും സന്നിഹിതരായിരുന്നു.