ബോധവത്കരണ സെമിനാർ നടത്തി
1570718
Friday, June 27, 2025 5:05 AM IST
കോഴിക്കോട്: കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വളർച്ചയ്ക്കും കാലാവസ്ഥ അനുസൃത കൃഷി രീതികളിലൂടെ ഉത്പാദന വർധനവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ലോക ബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന കേര (കേരള ക്ലൈമറ്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ പ്രോജക്ട് ) ഉത്പാദക സഖ്യങ്ങൾക്കുള്ള ബോധവത്കരണ സെമിനാർ ഹോട്ടൽ വുഡിസ് ബ്ലെയ്ഷറിൽ നടന്നു.
കാലാവസ്ഥ വ്യതിയാനത്തിന് അനുയോജ്യമായ കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിനും മൂല്യവർധിത കാർഷിക ഉൽപന്നങ്ങളുടെ ഉത്പാദനവും വിപണനവും വർധിപ്പിക്കുന്നതിനും കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേര പദ്ധതി ലക്ഷ്യമിടുന്നത്. സെമിനാറിന്റെ ഭാഗമായി ബി ടു ബി മീറ്റും നടന്നു. കാർഷിക വ്യവസായത്തിലേക്ക് കടന്നുവരുന്ന നവ സംരംഭകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു പദ്ധതിയാണ് കേര. ചടങ്ങിൽ കോഴിക്കോട് ആത്മ പ്രോജക്ട് ഡയറക്ടർ രജനി മുരളീധരൻ അധ്യക്ഷത വഹിച്ചു.
കേര എസ്പിഎംയു പ്രൊക്യൂർമെന്റ് ഓഫീസർ സുരേഷ് തമ്പി ആമുഖപ്രഭാഷണം നടത്തി.ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രജിത്ത് ബാബു, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അജയ് അലക്സ്, നബാർഡ് എഡിഎം രാഗേഷ് എന്നിവർ പ്രസംഗിച്ചു.