ഭരണകൂട ഭീകരത ഇന്നും നിലനിൽക്കുന്നു: ടി.പി. രാമകൃഷ്ണൻ
1570354
Thursday, June 26, 2025 5:16 AM IST
കോഴിക്കോട്: അടിയന്തരാവസ്ഥ കാലത്തെ ഓർമ്മിപ്പിക്കുന്ന ഭരണകൂട ഭീകരത വിഭിന്നരൂപത്തിൽ ഇന്നും നിലനിൽക്കുന്നുണ്ടെന്ന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു.
ഗാന്ധിപഥം സാംസ്കാരിക വേദി കോഴിക്കോട് സംഘടിപ്പിച്ച അടിയന്തരാവസ്ഥയ്ക്ക് അമ്പതാണ്ട് - അനുഭവസാക്ഷ്യം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദി പ്രസിഡന്റ് ജൂലേഷ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജാതിമതവർഗ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമയോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും അതിനായി ജനാധിപത്യ മതേതര ഇടതുപക്ഷകക്ഷികൾ ഒറ്റക്കെട്ടായി അണിചേരണമെന്നും രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. വല്ലഭൻ, സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ, ആർജെഡി നേതാവ് വി. കുഞ്ഞാലി, പി.ടി. ആസാദ്, യൂസഫ് പുതുപ്പാടി എന്നിവർ പ്രസംഗിച്ചു.