ഗുരു ചേമഞ്ചേരി പുരസ്കാരം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്
1570197
Wednesday, June 25, 2025 5:07 AM IST
കൊയിലാണ്ടി: കഥകളി സംഗീതത്തിന്റെ കുലപതി, വൃത്തി, ശുദ്ധി, ആധികാരികത എന്നിവ മുറുകെപ്പിടിച്ച് കഥകളി സംഗീതത്തിന്റെ കാവലാളായി മാറിയ ഭാവ ഗായകൻ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് ഗുരു ചേമഞ്ചേരി പുരസ്കാരം. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായി പൂമുള്ളി മനയിലാണ് മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി സംഗീതാഭ്യസനത്തിൽ ഹരിശ്രീ കുറിച്ചത്.
പിന്നീട് 1957ൽ കലാമണ്ഡലത്തിൽ വിദ്യാർഥിയായി എത്തി. കഥകളി സംഗീത മേഖലയിലെ പ്രഭാഗോപുരങ്ങളായ നീലകണ്ഠൻ നമ്പീശൻ, കാവുങ്ങൽ മാധവ പണിക്കർ, ശിവരാമൻ നായർ എന്നിവരുടെ ശിക്ഷണത്തിൽ അഭ്യസിച്ചു. പേരൂർ ഗാന്ധി സേവാ സദനം, കേരള കലാമണ്ഡലം എന്നിവിടങ്ങളിലെ അധ്യാപനം ഒരു പാട് ശിഷ്യരുടെ ആദരം, സ്നേഹം എന്നിവ സമ്മാനിച്ചു.
കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ് തുടങ്ങി 25ലേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഗുരു ചേമഞ്ചേരിയുടെ പേരിലുള്ള മൂന്നാമത് പരസ്കാരം ആഗസ്റ്റ് രണ്ടാം വാരം സമ്മാനിക്കുമെന്ന് കഥകളി വിദ്യാലയം ഭാരവാഹികൾ അറിയിച്ചു. കലാമണ്ഡലം മോഹന കൃഷ്ണൻ, സുനിൽ തിരുവങ്ങൂർ, ഡോ. ദീപ്ന പി. നായർ എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.