റോഡിന്റെ ശോചനീയാവസ്ഥ : പ്രദേശവാസികൾ ജനകീയ ധർണ സംഘടിപ്പിച്ചു
1570191
Wednesday, June 25, 2025 5:07 AM IST
കൂടരഞ്ഞി: കൂടരഞ്ഞി-കോലോത്തുംകടവ് ബണ്ട് റോഡ് തകർന്ന് കാൽനട യാത്രപോലും ദുസഹമായ സാഹചര്യത്തിൽ പ്രദേശവാസികൾ പഞ്ചായത്ത് കാര്യാലയത്തിലേക്ക് ജനകീയ ധർണയും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.
നൂറോളം കുടുംബങ്ങളും സ്കൂൾ വിദ്യാർഥികളും നിരന്തരം ആശ്രയിക്കുന്ന ഈ റോഡ് മൂന്ന് വർഷത്തിലധികമായി ശോചനീയ അവസ്ഥയിലാണ്. ഇതുവരെയും പഞ്ചായത്ത് അധികൃതരോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കുകയോ, റോഡ് നിർമാണ പ്രവൃത്തിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ഈ റോഡിനായി വകയിരുത്തിയ ഏഴ് ലക്ഷം രൂപ മറ്റു പദ്ധതികൾക്കായി വകമാറ്റി ചെലവഴിച്ചുവെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഉടൻ തന്നെ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്പോട്ട് പോകാനാണ് പ്രദേശവാസികൾ തീരുമാനിച്ചിരിക്കുന്നത്.
സ്ത്രീകൾ ഉൾപ്പെടെ നൂറിലധികംപേർ അണിനിരന്ന പ്രതിഷേധ റാലിയും ധർണയും നസീർ തടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അബ്ദുൾ സലിം മരവെട്ടിക്കൽ, ഫൈസൽ നമ്പ്യാർതൊടി, രഘുപ്രസാദ്, ഗംഗാധരൻ കൂടരഞ്ഞി, വി.എ. ലത്തീഫ്, സലീം എന്നിവർ നേതൃത്വം നൽകി.