ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലിക്ക് സ്വീകരണം നൽകി
1570196
Wednesday, June 25, 2025 5:07 AM IST
പേരാമ്പ്ര: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി "അരുത്, അരുതാത്ത ലഹരി അരുത്' എന്ന സന്ദേശവുമായി കോഴിക്കോട് റൂറല്‍ പോലീസ് ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കോഴിക്കോട് റൂറല്‍ പോലീസ്, ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നര്‍ക്കോട്ടിക് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടത്തിയത്.
റാലി വടകരയില്‍ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ റാലിക്ക് പേരാമ്പ്ര ബസ്സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നല്കി. പേരാമ്പ്ര ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച സൈക്കിള്‍ റാലിയില്‍ പേരാമ്പ്രയിലെ വിദ്യാലയങ്ങളിലും കലാലയങ്ങളിലുമുള്ള എസ്പിസി, എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരും ജനമൈത്രി പോലീസും പങ്കാളികളായി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് മുഖ്യാതിഥിയായിരുന്നു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി സൈക്കിള്‍ റാലിയിലെ അംഗങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.
പേരാമ്പ്ര പഞ്ചായത്ത് അംഗങ്ങളായ പി. ജോന, സി.എം. സജു, ഡിഗ്നിറ്റി കോളജ് അധ്യാപകന് പി.കെ. മുഹമ്മദ്, നവാസ് അമാന, പേരാമ്പ്ര പോലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദ്, വി.പി. സുനില്‍ എന്നിവർ പ്രസംഗിച്ചു.