ലഹരിക്കെതിരേ യുദ്ധം ചെയ്യണം: ബിഷപ് മാർ ഇഞ്ചനാനിയിൽ
1570717
Friday, June 27, 2025 5:04 AM IST
കൂരാച്ചുണ്ട്: ലോകത്ത് വിവിധ രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നുണ്ടെങ്കിലും നമ്മൾ യുദ്ധം പ്രഖ്യാപിക്കേണ്ടത് ലഹരിക്കെതിരേയാണെന്ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
കൂരാച്ചുണ്ട് സെന്റ് തോമസ് പാരീഷ് ഹാളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സമിതി താമരശേരി രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന വ്യക്തിത്വ വികസന ക്ലബ് അവാർഡ് വിതരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ലഹരിക്കെതിരേ പോരാടാൻ നമ്മുടെ മനസ് സജ്ജമാക്കണം. ലഹരി മൂലമുണ്ടാകുന്ന ദുരന്തങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും പറഞ്ഞു. മയക്കു മരന്നുകൾ വിതരണം ചെയ്യുന്ന വലിയ സംഘങ്ങൾ എവിടെയുമുണ്ട്. അവരുടെ കെണിയിൽ അകപ്പെട്ടു പോകരുതെന്നും ബിഷപ്പ് വിദ്യാർഥികളെ ഓർമിപ്പിച്ചു.
ലഹരി വിരുദ്ധ സമിതി രൂപത പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് മുഖ്യപ്രഭാഷണം നടത്തി. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ലഹരി വിരുദ്ധ സമിതി രൂപത ഡയറക്ടർ ഫാ. ജിന്റോ മച്ചുകുഴിയിൽ ആമുഖ പ്രഭാഷണം നടത്തി.
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരിക്കെതിരായി ജില്ല പഞ്ചായത്തിന്റെ ടു മില്യൺ പ്രതിജ്ഞ വിദ്യാർഥി പ്രതിനിധി ആഷ്ലിൻ ഗ്രേയ്സ് ചൊല്ലിക്കൊടുത്തു.
സിവിൽ പോലീസ് ഓഫീസർ ജെസി മാത്യു, അധ്യാപക പ്രതിനിധി സി. രമ്യ ജോസ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ളാഷ് മോബ്, പോസ്റ്റർ മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു.
സ്കൂൾ പ്രധാനാധ്യാപകൻ ബിനു ജോസ് പ്രസംഗിച്ചു. ജാഗ്രത സമിതി കൺവീനർ ഡെല്ല ജോർജ്, സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബർണാഡ് ജോസ്, അനില അഗസ്റ്റിൻ, വ്യക്തിത്വ വികസന ക്ലബ് കൺവീനർമാരായ സി. ലെറ്റിൻ ജോസ്, പി.എൽ. ഡാർളി, അധ്യാപകരായ ജൂലി അലക്സ്, റ്റാൻസി ജോസ് എന്നിവർ നേതൃത്വം നൽകി.
മേപ്പയ്യൂർ: ലഹരി വിരുദ്ധ ദിനത്തിൽ മേപ്പയൂർ ബസ് സ്റ്റാൻഡിൽ ബസിൽ വച്ച് യാത്രക്കാർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പേരാമ്പ്ര ഏരിയ സെക്രട്ടറിയുമായ ഇ.കെ. ഗോപി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഏരിയ കമ്മിറ്റിയംഗം എം.പി. കുഞ്ഞഹമ്മദ്, നരക്കോട് എകെജി ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ഗോപാലൻ, ഓട്ടോ ടാക്സി ഗുഡ്സ് സെക്ഷൻ സെക്രട്ടറി ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.