ഹോസ്റ്റലിലെ വിദ്യാർഥികൾ മയങ്ങി വീണത് ആശങ്കക്കിടയാക്കി
1576812
Friday, July 18, 2025 5:51 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിനോട് ചേർന്ന ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ആദിവാസി വിദ്യാർഥികളുടെ ഹോസ്റ്റലിൽ വിദ്യാർഥികൾ മയങ്ങി വീണത് ആശങ്കക്കിടയാക്കി. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടികൾ മയങ്ങി വീണത്.
33 കുട്ടികളാണ് ഈ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. ഇതിൽ നാല് കുട്ടികൾക്കാണ് ഛർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് അധ്യാപകരും ഹോസ്റ്റൽ ജീവനക്കാരും സ്ഥലത്തെത്തി വിദ്യാർഥികളെ ഗൂഡല്ലൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. എല്ലാ വിദ്യാർഥികളെയും ആശുപത്രിയിൽ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
വിദ്യാർഥികൾക്ക് കുഴപ്പങ്ങളില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പിന്നീട് വിദ്യാർഥികളെ ആശുപത്രിയിൽ നിന്ന് മാറ്റി. ഭക്ഷ്യവിഷബാധയാകാമെന്ന് സംശയിക്കുന്നു. സംഭവം രക്ഷിതാക്കളെയും നാട്ടുകാരെയും ഭീതിയിലാക്കി. വിവരമറിഞ്ഞ് പോലീസ്, റവന്യു, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.