വിദ്യാർഥികളും പിടിഎയും പ്രതിസന്ധിയിൽ : പുതിയ യുപി സ്കൂളുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിച്ചില്ല
1576814
Friday, July 18, 2025 5:57 AM IST
വെള്ളമുണ്ട: ജില്ലയിൽ പുതുതായി ആരംഭിച്ച ജിയുപി സ്കൂളുകളിൽ അധ്യാപക തസ്തികകൾ സൃഷിക്കാത്തത് വിദ്യാർഥികൾക്കും പിടിഎകൾക്കും പ്രതിസന്ധിയായി. കഴിഞ്ഞവർഷം യുപി വിഭാഗം അനുവദിച്ച പുളിഞ്ഞാൽ, അതിരാറ്റുകുന്ന്, വാളവയൽ എൽപി സ്കൂളുകളിലാണ് അധ്യാപക തസ്തികകൾ സൃഷ്ടിക്കാത്തത്.എൽപി, ഹൈസ്കൂൾ വിഭാഗങ്ങൾ ഉണ്ടായിട്ടും യുപി പഠനത്തിന് വിദ്യാർഥികൾ ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട സാഹചര്യത്തിലാണ് ഈ വിദ്യാലയങ്ങളിൽ യുപി ക്ലാസുകൾ തുടങ്ങിയത്. എൽപി പഠനം കഴിഞ്ഞ് മറ്റിടങ്ങളിലെ വിദ്യാലയങ്ങളെ യുപി പഠനത്തിന് ആശ്രയിച്ച് ഹൈസ്കൂൾ പഠനത്തിനു തിരിച്ചെത്തേണ്ട അവസ്ഥയിലായിരുന്നു ഇവിടങ്ങളിലെ കുട്ടികൾ.
കഴിഞ്ഞവർഷം അഞ്ചാംക്ലാസോടെ യുപി വിഭാഗം ആരംഭിച്ച മൂന്നു വിദ്യാലയങ്ങളിലും ബിആർസിയിൽനിന്നുള്ള അധ്യാപകരെയാണ് വിന്യസിച്ചത്. പുളിഞ്ഞാലിൽ മാനന്തവാടി ബിആർസിയിലെ രണ്ട് ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരെരയും അതിരാറ്റുകുന്ന്, വാളവയൽ എന്നിവിടങ്ങളിൽ ബത്തേരി ബിആർസിയിലെ അധ്യാപകരെയുമാണ് വിന്യസിച്ചത്.
ഈ അധ്യയനവർഷം അതിരാറ്റുകുന്ന്, വാളവയൽ സ്കൂളുകളിൽ അഞ്ച്, ആറ് ക്ലാസുകളിൽ ഓരോ ഡിവിഷനും പുളിഞ്ഞാൽ സ്കൂളിൽ രണ്ടു വീതം ഡിവിഷനുമാണുള്ളത്.
പുളിഞ്ഞാലിൽ നാലും വാളവയൽ, അതിരാറ്റുകുന്ന് എന്നിവിടങ്ങളിൽ രണ്ടു വീതവും അധ്യാപക തസ്തികകളാണ് വേണ്ടത്. ബിആർസിയിൽനിന്നു ഈ വർഷം കൂടുതൽ പേരെ നിയോഗിച്ചിട്ടില്ല. കഴിഞ്ഞവർഷം നിയോഗിച്ചവരാകട്ടെ ബിആർസിയിൽനിന്നു യഥാസമയം ശന്പളം ലഭിക്കാത്തതിനാൽ ജോലി നിർത്താനുള്ള തയാറെടുപ്പിലാണ്. പുളിഞ്ഞാൽ സ്കൂളിൽ ഒരു അധ്യാപിക ജോലി ഒഴിവാക്കി.
സമീപത്തെ സർക്കാർ എൽപി സ്കൂൾ യുപിയാക്കിയത് രക്ഷിതാക്കൾക്ക് പ്രതീക്ഷയായിരുന്നു. പൊതുവിദ്യാലയത്തിലേക്ക് മക്കളെ അയച്ച ഇവർ നിരാശയിലാണ്. അധ്യാപകരില്ലാത്തതിനാൽ കുട്ടികൾ ക്ലാസിൽ വെറുതേ ഇരിക്കേണ്ട അവസ്ഥ മൂന്നു വിദ്യാലയങ്ങളിലുമുണ്ട്. തസ്തികകൾ സൃഷ്ടിക്കാത്തത് നിലവിലുള്ള അധ്യാപകരുടെ ജോലിഭാരം വർധിക്കുന്നതിനും കാരണമായി. വലിയ സാന്പത്തിക ബാധ്യതയാകുന്നതിനാൽ സ്വന്തം ചെലവിൽ അധ്യാപകരെ ജോലിക്കുവയ്ക്കാൻ പിടിഎകൾക്ക് കഴിയുന്നില്ല.
മൂന്നു വിദ്യാലയങ്ങളിലും പഠിക്കുന്ന കുട്ടികളിൽ അധികവും സാധാരണ കുടുംബങ്ങളിൽനിന്നുള്ളവരാണ്. അതിനാൽ പിടിഎ ഫണ്ടിലേക്ക് വലിയ തുക വാങ്ങാൻ കഴിയില്ല.
മറ്റു സ്കൂളുകളിൽ താത്കാലിക നിയമം ലഭിക്കുന്ന അധ്യാപകർക്കു ലഭിക്കുന്ന ശന്പളം പിടിഎ നിയമനത്തിന് കിട്ടില്ല. അതിനാൽ പിടിഎ നിയമനത്തിൽ ഉദ്യോഗാർഥികൾക്ക് താത്പര്യം കുറവാണ്. തസ്തികകൾ സൃഷ്ടിക്കുന്നതിന് ധനമന്ത്രാലയം പച്ചക്കൊടി കാണിച്ചാൽ മാത്രമേ കുട്ടികളുടെ പഠനം സുഗമമാകൂവെന്ന് പുളിഞ്ഞാൽ സ്കൂൾ പിടിഎ ഭാരവാഹികൾ പറഞ്ഞു.
പുതുതായി യുപി വിഭാഗം ആരംഭിച്ചതടക്കം വിദ്യാലയങ്ങളിലെ തസ്തിക നിർണയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി. മൻമോഹൻ അറിയിച്ചു. ആറാം പ്രവൃത്തി ദിനത്തിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച് സ്കൂളുകളിൽ സന്ദർശനം നടത്തി തുടർ നടപടിസ്വീകരിക്കും.