വന്യമൃഗ ഭീതി ;ചീരാലിൽ സർവകക്ഷി യോഗം ചേർന്നു
1576813
Friday, July 18, 2025 5:57 AM IST
സുൽത്താൻ ബത്തേരി: തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചീരാലിൽ സർവകക്ഷി യോഗം ചേർന്നു.
സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ പങ്കെടുത്തു. പ്രദേശത്തെ വന്യമൃഗശല്യത്തിന്റെ രൂക്ഷതയും ആശങ്കകളും ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രദേശത്തെ വന്യമൃഗ ഭീതി അകറ്റാൻ ഫലപ്രദമായ ഇടപെടൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ വന്യമൃഗ ശല്യം പരിഹരിക്കാനാവു എന്നും അതിനായി എല്ലാവരുടെയും സഹകരണം വേണമെന്നും ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു. ചീരാൽ വില്ലേജ് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ചീരാലിൽ ഫോറസ്റ്റ് ഒൗട്ട് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പ്രദേശത്തെ സ്വകാര്യ തോട്ടങ്ങളിൽ കാടു വെട്ടുന്നതിനുള്ള ഇടപെടൽ നടത്തും, പ്രദേശങ്ങളിൽ കൂടുതൽ കാമറകൾ സ്ഥാപിച്ച് നരിക്ഷണം ശക്തമാക്കാനും ആവശ്യമെങ്കിൽ കൂടുതൽ കൂടുകളൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനിച്ചു.
നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.ടി. ബേബി, എം.എസ്. ഫെബിൻ, എം.എ. സുരേഷ്, കെ.ആർ. സാജൻ, പ്രസന്ന ശശീന്ദ്രൻ, പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. വനം, പോലീസ്, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.