വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റിനെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്ന്
1577110
Saturday, July 19, 2025 6:01 AM IST
പുൽപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് യൂണിറ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യൂണിറ്റ് കമ്മിറ്റിയുടെ ട്രഷറർ രാജിവയ്ക്കുന്നുവെന്ന് പറഞ്ഞുകൊണ്ടിറക്കിയ കത്തിലെ വിവരങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. യൂണിറ്റ് ട്രഷററാണ് വരവ് ചെലവു കണക്കുകൾ കൈകാര്യം ചെയ്യേണ്ടത്.
ട്രഷറർ മാത്രം കൈകാര്യം ചെയ്ത കണക്കുകളിലെ അവ്യക്തത മറ്റുള്ളവരുടെ പേരിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. സാന്പത്തിക ക്രമക്കേടിന്റെ പൂർണ ഉത്തരവാദിത്വം ട്രഷറർ എം.കെ. ബേബിക്കാണ്. കണക്കിലെ അവ്യക്തത ചർച്ച ചെയ്യാൻ പ്രവർത്തക സമിതി യോഗം വിളിച്ചപ്പോൾ അതിൽ പങ്കെടുക്കാതെ തലേദിവസം രാജിവച്ചുപോയ ട്രഷററുടെ നടപടി ഒട്ടേറെ സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്.
യോഗത്തിൽ അവതരിപ്പിച്ച കണക്കിലെ ക്രമക്കേടുകൾ കൃത്യമായി ചൂണ്ടിക്കാണിച്ചപ്പോൾ തൃപ്തികരമായ മറുപടി നൽകാൻപോലും ട്രഷറർക്ക് കഴിഞ്ഞിട്ടില്ല. യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ഈ പ്രശ്നം ചർച്ച ചെയ്യുകയും പണം ട്രഷറർ തിരികെ വയ്ക്കണമെന്ന് ഒന്നിലധികംതവണ ആവശ്യപ്പെടുകയും ചെയ്തതാണ്.
എന്നാൽ ട്രഷറർ തന്റെ കൈയ്യിൽ പണമില്ലെന്ന് പറഞ്ഞ് പ്രസിഡന്റിനേയും സെക്രട്ടറിയേയും പഴിചാരിയ സാഹചര്യത്തിൽ ഈ വിഷയം ജില്ലാ കമ്മിറ്റിക്ക് വിടുകയായിരുന്നു. ഓഡിറ്റ് റിപ്പോർട്ടിന്േറയും അന്വേഷണ റിപ്പോർട്ടിന്േറയും അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റി പ്രശ്ന പരിഹാരത്തിനായി യോഗം വിളിച്ചെങ്കിലും പണം തിരിച്ചുനൽകേണ്ടിവരുമെന്ന് ബോധ്യപ്പെട്ട ട്രഷറർ യോഗത്തിൽ പങ്കെടുത്തില്ല.
ജില്ലാ നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ട്രഷറർ സംഘടനയ്ക്ക് നൽകാനുള്ള തുക എത്രയും പെട്ടന്ന് തിരിച്ച് നൽകാൻ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര, ജനറൽ സക്രട്ടറി കെ.എസ്. അജിമോൻ, ജോസ് കുന്നത്ത്, പി.എ. ഷാജിമോൻ, കെ. ജോസഫ്, കെ.വി. റഫീക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.