കോണ്‍ഗ്രസുകാർ വി.എസ്. ജോയിയെ മാതൃകയാക്കണം: കെപിസിസി പ്രസിഡന്റ്
1576299
Wednesday, July 16, 2025 8:24 AM IST
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസുകാർ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ മാതൃകയാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കോണ്‍ഗ്രസ് ജില്ലാ സമരസംഗമവും വാർഡ് പ്രസിഡന്റുമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നതിന് വി.എസ്. ജോയിയുടെയും ആര്യാടൻ ഷൗക്കത്തിന്റെയും പേരുകളാണ് ഉയർന്നുവന്നത്. വിവിധതലങ്ങളിൽ കൂടിയാലോചനയ്ക്കുശേഷം ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. സ്ഥാനാർഥിത്വം ലഭിക്കാതിരുന്ന വി.എസ്. ജോയി പ്രവർത്തനത്തിൽനിന്നു പിന്നാക്കം പോകുകയല്ല ചെയ്തത്. യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിന് മുൻനിരയിൽനിന്ന് കഠിനാധ്വാനം ചെയ്തു. ഇത് മാതൃകയാണ്.
തദേശ തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്ത് വാർഡുകളിലും മുനിസിപ്പാലിറ്റികളിലും സ്ഥാനാർഥിയാക്കുന്നതിന് ഒന്നിലധികം പേരുകൾ നിർദേശിക്കപ്പെട്ടേക്കാം. സ്ഥാനാർഥിയെ തീരുമാനിച്ചുകഴിഞ്ഞാൽ പ്രവർത്തനം ഒറ്റക്കെട്ടാകണം. അർഹത മാത്രം മാനദണ്ഡമാക്കിയായിരിക്കും സ്ഥാനാർഥി നിർണയം. ഒരാളെയും നൂലിൽക്കെട്ടി ഇറക്കില്ല. കുറ്റമറ്റ വോട്ടർ പട്ടിക ഉണ്ടാകുന്നതിലടക്കം കോണ്‍ഗ്രസ് പ്രവർത്തകർ ജാഗ്രത പുലർത്തണം.
ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പാർട്ടി ജില്ലകൾ തോറും സമരസംഗമം സംഘടിപ്പിക്കുന്നത്. ഇതിനകം നടന്ന സമരസംഗമങ്ങളിൽ ഏറ്റവും മികച്ചത് മൂന്നു അസംബ്ലി മണ്ഡലങ്ങൾ മാത്രമുള്ള വയനാട്ടിലേതാണ്. കാർഷിക മേഖലയിലെ പ്രതിസന്ധി, അനുദിനം വർധിക്കുന്ന വന്യജീവി ശല്യം, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടികവർഗക്കാർക്കിടയിലെ ഭൂ, ഭവന രാഹിത്യം... ഇങ്ങനെ നീളുന്നതാണ് ജില്ലയിലെ ജനകീയ പ്രശ്നങ്ങൾ. ഇതിനൊന്നും പരിഹാരം കാണാൻ ഇടതുസർക്കാരിനു കഴിയുന്നില്ല.
വന്യജീവി ആക്രമണ പ്രശ്നത്തിൽ പലപ്പോഴായി കോണ്‍ഗ്രസ് പ്രതിനിധികൾ നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല. ഇടതു സർക്കാർ ബജറ്റുകളിൽ വയനാട് പാക്കേജ് ആവർത്തിച്ച് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറന്പിൽ എംപി, എ.പി. അനിൽകുമാർ എംഎൽഎ, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് എംഎൽഎ, ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി രാഷ്ടീയകാര്യ സമിതിയംഗം പി.കെ. ജയലക്ഷ്മി, കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ.എൽ. പൗലോസ്, കെ.ഇ. വിനയൻ, കെപിസിസി സെക്രട്ടറിമാരായ ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, നേതാക്കളായ പി.ടി. ഗോപാലക്കുറുപ്പ്, സംഷാദ് മരക്കാർ, എം.ജി. ബിജു, എം.എ. ജോസഫ്, അമൽ ജോയി, ചിന്നമ്മ ജോസ്, സജീവൻ മടക്കിമല തുടങ്ങിയവർ പ്രസംഗിച്ചു.