അടിസ്ഥാന, പശ്ചാത്തല മേഖലകളിൽ വികസനം സർക്കാർ ലക്ഷ്യം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1575294
Sunday, July 13, 2025 6:20 AM IST
കാട്ടിക്കുളം: അടിസ്ഥാന, പശ്ചാത്തല മേഖലകളിൽ വികസനം സർക്കാർ ലക്ഷ്യമാണെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കിഫ്ബിയിൽ ഉൾപ്പെടുത്തി തിരുനെല്ലി കാളിന്ദി പുഴയ്ക്കു കുറുകെ 12.74 കോടി ചെലവിൽ നിർമിച്ച നെട്ടറ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെട്ടറ ഉന്നതി നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും പ്രദേശത്തിന്റെ സാന്പത്തിക, സാമൂഹിക ഉന്നമനത്തിനും ഉതകുന്നതാണ് പാലമെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം എ.എൻ. സുശീല, ജനപ്രതിനിധികളായവി.എം വിമല, പി.എൻ. ഹരീന്ദ്രൻ, കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ടീം ലീഡർ ആർ. സിന്ധു, എക്സിക്യുട്ടീവ് എൻജിനിയർ പി.ബി. ബൈജു, അസിസ്റ്റന്റ് എൻജിനിയർ വി.പി. വിജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
25 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകൾ അടങ്ങിയ ആർസിസിടി ബീം സ്ലാബ് തരം പാലമാണ് നിർമിച്ചത്.56.7 മീറ്റർ നീളമുള്ള പാലത്തിന്റെ ആകെ വീതി 11 മീറ്ററാണ്. എട്ട് മീറ്റർ വിതിയിൽ ബിസി സർഫേസിംഗ് പൂർത്തിയാക്കി.
ഇരുഭാഗത്തും നടപ്പാത, 1.5 കിലോമീറ്റർ ദൂരത്തിൽ ഏഴ് മീറ്റർ വീതിയിൽ സംരക്ഷണ ഭിത്തി. ഡ്രൈനേജ് എന്നിവയും നിർമിച്ചിട്ടുണ്ട്. തിരുനെല്ലി അന്പലത്തിൽനിന്നു 1.5 കിലോ മീറ്റർ മാറിയാണ് നെട്ടറ പാലം.