ഗൂഡല്ലൂരിൽ കാട്ടാന വീടുകൾ തകർത്തു
1575673
Monday, July 14, 2025 6:18 AM IST
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ മേഫീൽഡിൽ കാട്ടാനക്കൂട്ടം രണ്ട് എസ്റ്റേറ്റ് പാടികൾ തകർത്തു. നാലാം നന്പർ പാടികളിലെ രണ്ട് വീടുകളാണ് തകർത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആനക്കുട്ടിയാണ് ആദ്യം വീട്ടിനുള്ളിൽ കയറിയത്. പിന്നീട് മറ്റ് ആനകളും ഉള്ളിലേക്ക് കയറുകയായിരുന്നു. വീടുകളിൽ ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
കൈവട്ടയിൽ കാട്ടാനയുടെ മുന്പിൽ നിന്ന് വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെ പുലർച്ചെ 5.30ന് ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തർ സംസ്ഥാന പാതയിലെ കൈവട്ടയിൽ പ്രഭാത സവാരിക്കെത്തിയ അച്ചുവിനെ (64) കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്.
ഭാഗ്യം കൊണ്ടാണ് ഇയാൾ രക്ഷപ്പെട്ടത്. ആന ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നിർത്തിയിട്ട കാറിന് അടിയിൽ ഒളിക്കുകയായിരുന്നു ഇദ്ദേഹം. കലി പൂണ്ട ആന കാർ ആക്രമിച്ചു. പ്രദേശവാസിയായ സുമന്റെ കാറാണ് അക്രമിക്കപ്പെട്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തിയാണ് അച്ചുവിനെ രക്ഷപ്പെടുത്തിയത്.
ആനകൾ സ്ഥിരമായി ഈ മേഖലയിലേക്ക് ഇറങ്ങി വ്യാപക കൃഷിനാശവും വരുത്തുന്നുണ്ട്. ആന ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.