മുള്ളൻകൊല്ലിയിലെ കോൺഗ്രസ് പോര് : പ്രതിസന്ധി പരിഹരിക്കുന്നതിന് കെപിസിസി ഇടപെടുന്നു
1575665
Monday, July 14, 2025 6:18 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലിയിലെ കോണ്‍ഗ്രസിലെ പോര് പരിഹരിക്കാൻ കെപിസിസി 15ന് ചർച്ച നടത്തുമെന്ന് സൂചന. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ മുള്ളൻകൊല്ലിയിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ തർക്കം പാർട്ടി നേതൃത്വത്തിന് തലവേദനയാകുന്നതിനിടയിലാണ് പ്രശ്നപരിഹാരത്തിന് ഇടപെടൽ.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മുള്ളൻകൊല്ലി പഞ്ചായത്തിലെ കോണ്‍ഗ്രസിൽ പ്രവർത്തകർ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായിരുന്നു. കഴിഞ്ഞ മാസം കെപിസിസി ഭാരവാഹികളായ പി.എം. നിയാസ്, ജമീല ആലിപ്പറ്റ എന്നിവരുടെ നേതൃത്വത്തിൽ മുള്ളൻകൊല്ലിയിലെ നേതാക്കളെയും ജനപ്രതിനിധികളെയും വിളിച്ച് ചർച്ച നടത്തിയെങ്കിലും അതിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും നേതാക്കളെ ഉൾപ്പെടെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രശ്നം ഏതുവിധേനയും പരിഹരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഞായറാഴ്ച ഡിസിസി യോഗം തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.
15ന് കെപിസിസി പ്രസിഡന്റ് ജില്ലയിലെത്തുന്പോൾ മുള്ളൻകൊല്ലിയിലെ വിഷയം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജില്ലയിൽ പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ തന്നെ നേതാക്കളും പ്രവർത്തകർക്കുമിടയിൽ തർക്കവും കയ്യേറ്റവും ഉണ്ടായതോടെ ഉടൻതന്നെ പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുണ്ടായിരുന്ന യോഗത്തിൽ അനാവശ്യമായി പ്രശ്നമുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
പ്രശ്നം പരിഹരിക്കാതെ യോഗം ചേർന്നതാണ് പാടിച്ചിറയിലെ യോഗത്തിലുണ്ടായ സംഘർഷമെന്നാണ് മറുഭാഗം ആരോപിക്കുന്നത്. മൂന്ന് ഡിസിസി ഭാരവാഹികളും ഒരു ബ്ലോക്ക് പ്രസിഡന്റും മുള്ളൻകൊല്ലി പഞ്ചായത്തിൽ നിന്നാണ്. പ്രശ്നം പരിഹരിക്കേണ്ട നേതാക്കൾ ഇരുചേരികളിലും ചേർന്നതോടെ കെപിസിസി ഇടപെട്ട് നിലവിലെ തർക്കങ്ങൾക്ക് പരിഹാരം കാണണം എന്ന വിലയിരുത്തലിലാണ് ജില്ലാനേതൃത്വം.