കാട്ടാന ആക്രമണം ; ഭീതിയൊഴിയാതെ നടവയൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷം
1576010
Tuesday, July 15, 2025 8:18 AM IST
നടവയൽ: പനമരം, പൂതാടി, കണിയാന്പറ്റ പഞ്ചായത്തുകളിലായി കിടക്കുന്ന നടവയൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. പാതിരി സൗത്ത് സ്റ്റേഷനിൽ നിന്നുള്ള കാട്ടാനയാണ് നെയ്ക്കുപ്പ, വേലിയന്പം ഭാഗങ്ങളിലെ ജനവാസ കേന്ദ്രത്തിൽ വിലസുന്നത്. കഴിഞ്ഞദിവസംരാത്രി കാടിറങ്ങിയ ആന നെയ്ക്കുപ്പ പന്നിക്കോട് ബേബി, കാരിക്കോട് ബൈജു, താഴത്തെവീട്ടിൽ ബേബി എന്നിവരുടെ വാട്ടർ ടാങ്ക്, ഇരുചക്രവാഹനം, കോഴിക്കൂട് തുടങ്ങിയവ നശിപ്പിച്ചിരുന്നു.
ഈ പ്രദേശത്തെ കൃഷികളും വാഷിംഗ് മെഷീനും ആനപോയ വഴിയിലുള്ള മറ്റ് വസ്തുക്കളും ആന നശിപ്പിച്ചു. പൊക്കം കുറഞ്ഞ ചെറിയ ആനയാണ് ശല്യക്കാരനായി ജനവാസ കേന്ദ്രത്തിലെത്തുന്നത്. കഴിഞ്ഞദിവസം എത്തിയ ആനയ്ക്ക് നേരെ ടോർച്ചടിച്ചപ്പോൾ ആന വീടിന് നേരെ എത്തുകയും വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
കൃഷിയിടങ്ങളിൽ നിന്നും നേരം പുലർന്ന ശേഷം മാത്രമാണ് കാട്ടാന വനത്തിലേക്ക് മടങ്ങുന്നത്. രാത്രികാലങ്ങളിൽ വൈദ്യുതവേലി ഓണാക്കുന്നതിനു മുൻപേ കാട്ടാന കൃഷിയിടത്തിൽ തന്പടിക്കുകയാണ്. കഴിഞ്ഞദിവസം ഉച്ചയോടെ ഈ പ്രദേശത്ത് തൊഴിലുറപ്പ്ജോലി ചെയ്യുന്ന തൊഴിലാളികളുടെ അടുത്തും ആന എത്തി. വനപാലകരുടെ ഭാഗത്തുനിന്നും വൻ അനാസ്ഥയാണ് ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു.