കുംകികൾ കാട്ടുകൊന്പൻമാരെ തുരത്തി അതിർത്തിയിൽ നിലയുറപ്പിച്ചു
1575997
Tuesday, July 15, 2025 8:17 AM IST
സുൽത്താൻ ബത്തേരി: വാകേരി കൂടല്ലൂർ മേഖലയിലെ ജനവാസകേന്ദ്രത്തിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടുകൊന്പൻമാരെ കുംകിയാനകൾ ഉൾവനത്തിലേക്ക് തുരത്തി.
മുത്തങ്ങ ആന ക്യാന്പിൽ നിന്ന് കൊണ്ടുവന്ന ഭരത്, പ്രമുഖ എന്നി കുംകികളുടെ സഹായത്തോടെയാണ് ആർആർടി വനപാലക സംഘം കാട്ടാനക്കൂട്ടത്തെ വനാതിർത്തിയിൽ നിന്ന് ഉൾവനത്തിലേയ്ക്ക് ഓടിച്ചത്. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന ദൗത്യം ഇന്നലെയാണ് ഫലം കണ്ടത്.
വനത്തിൽ നിന്ന് സ്ഥിരമായി ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന വഴികളിൽ രണ്ട് കുംകികളും നിലകൊണ്ടതോടെയാണ് കൊന്പൻമാർക്ക് ജനവാസമേഖലയിലിറങ്ങാൻ പറ്റാതായത്. രണ്ട് ദിവസം കൂടി അതിർത്തിയിൽ കുംകിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പ് തീരുമാനം. സ്ഥിരമായി കർഷകരുടെ കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാനകൾ വീണ്ടും എത്തുമെന്നാണ് കർഷകർ പറയുന്നത്.
റെയിൽപാളവേലിയും കിടങ്ങുമില്ലാത്ത മൂടക്കൊല്ലി മുതൽ വാകേരി വരെയുള്ള 2.8 കിലോമീറ്റർ ദൂരത്തിൽ ആന പ്രതിരോധ വേലി അടിയന്തരമായി നിർമിക്കുകയും വേലി തകർന്ന് കിടക്കുന്നയിടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കാൻ നടപടിസ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.