കുടിവെള്ള കിണറും പന്പ് ഹൗസും നടപ്പാതയും കാടുമൂടിയ നിലയിൽ
1576000
Tuesday, July 15, 2025 8:18 AM IST
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ താഴെ കൈവട്ടയിൽ പഞ്ചായത്തിന്റെ കുടിവെള്ള കിണറും പന്പ് ഹൗസും നടപ്പാതയും കാടുമൂടിയ നിലയിൽ. കിണറിന് ചുറ്റും കാടുമൂടി കിടക്കുകയാണ്.
പന്പ് ഹൗസും കാടുകൾക്കുള്ളിലായി. മെയിൻ റോഡിൽ നിന്ന് കിണറിലേക്കുള്ള സിമന്റ് റോഡും കാടുമൂടി കിടക്കുകയാണ്. സ്വിച്ച് ഓണ്‍ ചെയ്യാൻ പോലും പന്പ് സെറ്റ് ഓപ്പറേറ്റർക്ക് പന്പ് ഹൗസിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. വർഷങ്ങൾക്ക് മുന്‍പാണ് കാടുകൾ വെട്ടിമാറ്റിയത്.
ഈ മേഖലകാട്ടാനകളുടെ താവളവുമാണ്. 25 കുടുംബങ്ങൾക്കാണ് ഈ കുടിവെള്ള പദ്ധതിയിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നത്. കിണർ ശുചീകരിച്ചിട്ട് നാല് വർഷമായി. കിണറിൽ ചേറും ചെളിയും നിറഞ്ഞിരിക്കുകയാണ്. കിണർ ശുചീകരിക്കുകയും കാടുകൾ വെട്ടിമാറ്റുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.