പാടിച്ചിറ ക്വാറിയിലേക്ക് ജനകീയ മാർച്ച് നടത്തി
1576007
Tuesday, July 15, 2025 8:18 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ പാടിച്ചിറ ഗവണ്മെന്റ് ആശുപത്രിക്ക് സമീപം കൃഷിയിടത്തിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിലേക്ക് പ്രദേശവാസികൾ ജനകീയ മാർച്ച് സംഘടിപ്പിച്ചു.
കിഴക്കേഭാഗത്ത് ഷിജു, കിഴക്കേഭാഗത്ത് ടോമി എന്നിവരുടെ കൃഷിയിടത്തിൽ മുക്കം സ്വദേശി സുകുമാരന്റെ ലൈസൻസിയിൽ പ്രവർത്തിക്കുന്ന ക്വാറി ജനജീവിതം പ്രതിസന്ധിയിലാക്കുന്നതായും വലിയ സ്ഫോടനത്തിന്റെ ഭാഗമായി ചിതറുന്ന കരിങ്കൽ ചീളുകൾ സമീപത്തെ വീടുകളിൽ പതിക്കുന്നു പ്രദേശത്തെ വീടുകൾ വിണ്ടുകീറുകയും ചെയ്യുന്നതായി പ്രദേശവാസികൾ ആരോപിച്ചു.
സമീപത്തെ ബോറുകളിൽ കുടിവെള്ളത്തിന്റെ ലഭ്യത കുറയുകയും ജീവഹാനി ഭയന്ന് കൃഷിയിടത്തിൽ ധൈര്യമായി പണിയെടുക്കാൻ സാധിക്കുന്നുമില്ല. ക്വാറിയുടെ സമീപ പ്രദേശത്ത് കൃഷിപ്പണിക്ക് ആളെ കിട്ടുന്നില്ല. സ്വന്തം വീടിന്റെ മുറ്റത്ത് ധൈര്യമായി നടക്കാനോ കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് പഠിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
ക്ഷീരമേഖലയെ ആശ്രമിച്ച് മാത്രം ജീവിക്കുന്ന സമീപത്തെ ആളുകൾക്ക് പശുവിന് തീറ്റപ്പുല്ല് ശേഖരിക്കാൻ പോലും കൃഷിയിടത്തിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. നിയമങ്ങൾ കാറ്റിൽപറത്തി ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിൽ ക്വാറി പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മാർച്ച് നടത്തിയ പ്രദേശവാസികൾ ആവശ്യപ്പെട്ടു.