നൂൽപ്പുഴ മാറോട് കർഷകൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് ഒരു വർഷം: വാഗ്ദാനം പാലിക്കാതെ സർക്കാർ
1576004
Tuesday, July 15, 2025 8:18 AM IST
സുൽത്താൻ ബത്തേരി: കാട്ടനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട് ഒരുവർഷമാകുന്പോഴും നൂൽപ്പുഴ മാറോട് ഗ്രാമത്തിൽ ഇതുവരേ പൂർണമായ രീതിയിൽ വാഗ്ദാനങ്ങൽ പാലിക്കപ്പെട്ടിട്ടില്ല. ഈ ഭാഗത്തേക്കുള്ള റോഡ് കോണ്ക്രീറ്റ്, തെരുവുവിളക്കുകൾ സ്ഥാപിക്കൽ, വനാതിർത്തിയിലെ തൂക്ക് വേലിയടക്കമുള്ള കാര്യങ്ങൾ പൂർണമാകാത്തതാണ് ദുരിതമാകുന്നത്.
കഴിഞ്ഞവർഷം ജൂലൈ പകുതിയോടെയാണ് കല്ലുമുക്ക് മാറോട് കുറുമ ഉന്നതിയിലെ രാജുവിനെ കാട്ടാന കൃഷിയിടത്തിൽ് ആക്രമിച്ചത്.
കൃഷിയിടത്തിൽ ആനയിറങ്ങിയിട്ടുണ്ടോ എന്ന് നോക്കാനായി വീടിനോട് ചേർന്ന് വയലിലേക്ക് എത്തിയതാണ്. ഈ സമയം കാട്ടാന പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.
മാറോട് കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രാജുവിന്റെ മൃതദേഹവുമായി പ്രദേശവാസികൾ പ്രതിഷേധിച്ചു. കല്ലൂരിൽ ദേശീയപാത 766 ഉപരോധിക്കുകയും ചെയ്തു. തുടർന്ന് പട്ടികവർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു, വനം മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ പ്രദേശവാസികളുമായി ചർച്ച നടത്തി നിരവധി വാഗ്ദാനങ്ങൾ നൽകിയതല്ലാതെ രാജു കൊല്ലപ്പെട്ട് ഒരുവർഷമാകുന്പോഴും ഇതുവരെയും പാലിച്ചില്ല.
ഇവിടങ്ങളിൽ കാൽനടപോലും ദുരിതമാണ്. വാഹനങ്ങൾ പോകാൻപറ്റാത്ത അവസ്ഥയിലാണ്. ഇതുകാരണം സ്കൂൾ ബസുകളും ഇവിടേക്ക് എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അന്പതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. രണ്ടാഴ്ചമുന്പ് ഇവിടെ വളർത്തുനായയെ കടുവ പിടികൂടി.
പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമാക്കി കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.