തിക്താനുഭവം പരാമർശിക്കാതെ എൻ.ഡി. അപ്പച്ചൻ
1576294
Wednesday, July 16, 2025 8:24 AM IST
കൽപ്പറ്റ: പാടിച്ചിറയിൽ കോണ്‍ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം വികസന സെമിനാറിനിടെ തനിക്കുനേരേ ഉണ്ടായ കൈയേറ്റ ശ്രമം ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ജില്ലാ കോണ്‍ഗ്രസ് സമരസംഗമത്തിൽ പരാമർശിക്കാതെ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. ആരെയും കുത്തിനോവിക്കാതെയും പാർട്ടിയോടുള്ള പ്രതിബദ്ധത വ്യക്തമാക്കിയുമായിരുന്നു അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗം.
അവസാന ശ്വാസം വരെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. പാർട്ടിയിലെ സ്ഥാനം അപ്രധാനമാണ്. ഇപ്പോൾ വഹിക്കുന്ന ഡിസിസി പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കാതെയും പരിശ്രമിക്കാതെയും വന്നുചേർന്നതാണ്. മുന്‍പ് ഡിസിസി അധ്യക്ഷനായിരുന്നപ്പോഴും ഉത്തരവാദിത്വം സാധ്യമായവിധം നിറവേറ്റിയിട്ടുണ്ട്.
ജില്ലയിലെ കോണ്‍ഗ്രസ് പ്രവർത്തകരുമായുള്ളത് ആത്മബന്ധമാണ്. ഇതാണ് ഈ പ്രായത്തിലും ഓടിനടന്നു പ്രവർത്തിക്കുന്നതിനു പ്രചോദനമാകുന്നത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്പോൾ കോണ്‍ഗ്രസിൽനിന്നുള്ള ഒരു നേതാവ് മുഖ്യമന്ത്രിയാകണം. തെരഞ്ഞെടുപ്പ് വിജയത്തിന് ഓരോ കോണ്‍ഗ്രസ് പ്രവർത്തകനും കഠിനപ്രയത്നം നടത്തണമെന്നും അപ്പച്ചൻ പറഞ്ഞു.