പുഞ്ചിരിമട്ടം ദുരന്തം: പട്ടികവർഗ ഉന്നതികളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നു
1577081
Saturday, July 19, 2025 5:02 AM IST
കൽപ്പറ്റ: ഉരുൾ ദുരന്തബാധിത പ്രദേശങ്ങളായ പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട്, പുതിയ വില്ലേജ് ഉന്നതികളിലെ 13 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നു. വെള്ളരിമല പുതിയ വില്ലേജ് പരിസരത്ത് സർവേ നന്പർ 126ൽപ്പെട്ട അഞ്ച് ഹെക്ടറിലാണ് ഇത്രയും കുടുംബങ്ങളിലെ 57 പേരെ പുനരധിവസിപ്പിക്കുന്നത്. വനം വകുപ്പ് നിക്ഷിപ്ത വനഭൂമിയായി ഏറ്റെടുത്തതാണ് പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്ന സ്ഥലം.
പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട് ഉന്നതികളിലെ അഞ്ച് വീതവും പുതിയ വില്ലേജിലെ മൂന്നും കുടുംബങ്ങൾക്കാണ് വീടും അനുബന്ധ സൗകര്യവും ഒരുക്കുന്നത്. പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉന്നതികളിലെ എട്ട് കുടുംബങ്ങൾ സർക്കാരിന്റെ ബി 2 പട്ടികയിൽ ഉൾപ്പെട്ടതാണ്. ദുരന്തമേഖലയിൽ ഭൗമശാസ്ത്രജ്ഞൻ ജോണ് മത്തായി പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഉന്നതികൾ വാസയോഗ്യമായ പ്രദേശങ്ങളിലാണ്.
എന്നാൽ ഉന്നതി നിവാസികൾക്ക് നോ ഗോ സോണിലൂടെ മാത്രമാണ് സഞ്ചാരപാത. ഏറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ചു കുടുംബങ്ങൾ റെഡ് സോണിലാണുള്ളത്. കാലവർഷങ്ങളിൽ ഈ കുടുംബങ്ങളെ താത്കാലികമായി മാറ്റിപ്പാർപ്പിക്കേണ്ടിവരുന്നുണ്ട്. കുടുംബങ്ങളെ ദുരന്തനിവാരണഅഥോറിറ്റിയുടെ പ്രത്യേക ഉത്തരവ് പ്രകാരവും സർക്കാരിന്റെ അനുമതിയോടെയുമാണ് പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ജില്ലാ ഭരണകൂടം, വനം വകുപ്പ്, ഉൗര് നിവാസികൾ, പട്ടികവർഗ വികസന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് സർവേ പൂർത്തിയാക്കി ഭൂമിയുടെ അവകാശം റവന്യു വകുപ്പിന് കൈമാറിയിട്ടുണ്ട്. പുനരധിവസിപ്പിക്കുന്ന ഓരോ കുടുംബത്തിനും 10 സെന്റ് ഭൂമിയും വീടും നൽകും.
എല്ലാ സൗകര്യങ്ങളും ഒരുക്കി പുനരധിവാസം നടത്താനാണ് തീരുമാനമെന്ന് പട്ടികവർഗ വികസന ഓഫീസർ ജി. പ്രമോദ് പറഞ്ഞു. സർക്കാർ എൽസ്റ്റൻ എസ്റ്റേറ്റിൽ തയാറാക്കുന്ന ടൗണ്ഷിപ്പിൽ ഓരോ കുടുംബത്തിനും 1,000 ചതുരശ്ര അടി വീടാണ് നിർമിക്കുന്നത്.