ഇഞ്ചിക്കർഷകർക്കു മറ്റൊരു പ്രഹരമായി പൈറിക്കുലാരിയ രോഗവ്യാപനം
1576504
Thursday, July 17, 2025 5:21 AM IST
കൽപ്പറ്റ: വയനാട്ടിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഇഞ്ചിക്കർഷകർക്ക് മറ്റൊരു പ്രഹരമായി പൈറിക്കുലാരിയ രോഗ വ്യാപനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലും കർണാടകയിലെ കൂർഗ്, മൈസൂരു, ഹാസൻ, ചാമരാജ്നഗർ, ഷിമോഗ ജില്ലകളിലും ഇഞ്ചിക്കൃഷിയിടങ്ങളെ രോഗം കടന്നാക്രമിക്കുകയാണ്.
രോഗബാധയേറ്റ ഇഞ്ചിച്ചെടിയുടെ ഇലകളും തണ്ടും മഞ്ഞനിറമാകുകയും പിന്നീട് കരിയുകയുമാണ്. രോഗബാധയുള്ള ചെടിയുടെ വേരിലും കിഴങ്ങിലും പ്രത്യക്ഷത്തിൽ കുഴപ്പം കാണുന്നില്ലെങ്കിലും കനത്ത ഉത്പാദനനഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ. ഇഞ്ചിച്ചെടികളിൽ കിഴങ്ങിന്റെ വളർച്ചാഘട്ടത്തിലാണ് ഇലകളും തണ്ടും നശിക്കുന്നത്. ഇത് കിഴങ്ങിന്റെ വളർച്ച മുരടിക്കുന്നതിനിടയാക്കുമെന്ന് കർഷകർ പറയുന്നു.
കർണാടകയിൽ പൊതുവെ നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇഞ്ചി വിളവെടുപ്പിന് പാകമാകുന്നത്. ഇഞ്ചിക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായ വില ഇല്ലാത്തതിന്റെ വേദനയിൽ കഴിയുന്പോഴാണ് പൈറിക്കുലാരിയ രോഗം കർഷകർക്ക് തലവേദനയായത്. ഈ രോഗം കർണാടകയിൽ ചോളം കൃഷിയെയും ബാധിക്കുന്നുണ്ട്. ചോളത്തിന്റെ ഇലകളിൽ വെളുപ്പുനിറമാണ് പടരുന്നത്.
അരി, ഗോതന്പ്, ബാർലി തുടങ്ങിയ മോണോകോട്ട് സസ്യങ്ങളിൽ ബ്ലാസ്റ്റ് രോഗത്തിനു ഇടയാക്കുന്ന പൈറികുലാരിയ ഫംഗസ് രോഗം ഇഞ്ചിപ്പാടങ്ങളിൽ കണ്ടെത്തിയിട്ട് അധികകാലമായില്ല. കഴിഞ്ഞവർഷം കൂർഗ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിലെ(കോഴിക്കോട്) വിദഗ്ധർ ഈ രോഗം തിരിച്ചറിഞ്ഞിരുന്നു.
ഒരു ചെടിയിൽ പിടിപെട്ടാൽ മണിക്കൂറുകൾക്കുള്ളിൽ കൃഷിയിടമാകെ വ്യാപിക്കുന്നതാണ് രോഗം. മാസങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് കൂർഗിൽ ഇഞ്ചിക്കൃഷിക്ക് പുതിയ ഭീഷണിയായത് പൈറിക്കുലാരിയ ഫംഗസ് രോഗമാണെന്ന് വിദഗ്ധർ സ്ഥിരീകരിച്ചത്.
കൂർഗിലെ പ്രത്യേക കാലാവസ്ഥയാണ് രോഗത്തിനും വ്യാപനത്തിനും കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടത്. കർണാടകയുടെ മറ്റു ഭാഗങ്ങളിലും കേരളത്തിലും ഈ രോഗം ഉപദ്രവമാകില്ലെന്നായിരുന്നു അവരുടെ അനുമാനം. ഇതിനു വിരുദ്ധമായാണ് രോഗവ്യാപനം.
രോഗനിയന്ത്രണത്തിന് പ്രത്യേക ഇനം കുമിൾനാശിനികളുടെ നിശ്ചിത അളവിലും സമയങ്ങളിലുമുള്ള പ്രയോഗമാണ് വിദഗ്ധർ ശിപാർശ ചെയ്യുന്നത്.